ചെന്നൈ: കൽപ്പാക്കത്തെ ആണവനിലയത്തിൽ ജോലി ചെയ്തിരുന്ന സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥൻസ്വന്തം സർവീസ് റൈഫിളിൽ നിന്ന് വെടിയുണ്ടയേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് 37 കാരനായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥൻ രവി കിരൺ മരിച്ചത്
ശനിയാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന രവികിരൺ, മറ്റ് 18 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കൊപ്പം കരാർ ബസിൽ ഞായറാഴ്ച രാവിലെ ക്വാർട്ടേഴ്സിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഓടുന്ന ബസിൽ വെച്ച് സ്വന്തം തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു
ബസ് സതുരംഗപട്ടണം ഗ്രാമത്തിനടുത്തെത്തിയപ്പോൾ, പെട്ടെന്ന് വെടിയൊച്ച കേട്ട് വാഹനത്തിലുണ്ടായിരുന്ന ആളുകൾ നോക്കിയപ്പോൾ, രവി കിരൺ രക്തത്തിൽ കുളിച്ച് സീറ്റിൽ വീഴുന്നത് കണ്ടു. ബസ് ഉടൻ കൽപ്പാക്കത്തെ അറ്റോമിക് പവർ സ്റ്റേഷൻ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. വിവരം പോലീസിൽ അറിയിക്കുകയും തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ രവികിരൺ തന്റെ ഇൻസാസ് റൈഫിൾ (INSAS – Indian Small Arms System) കഴുത്തിന് താഴെയായി കുത്തി വെച്ച് മയങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോ അതോ രവി കിരൺ ആത്മഹത്യ ചെയ്തതാണോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ കൽപ്പാക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുരന്തത്തെക്കുറിച്ച് സിഐഎസ്എഫും ആണവോർജ്ജ നിലയവും അന്വേഷണം നടത്തിവരികയാണ്. മരിച്ചയാൾ കർണാടക സ്വദേശിയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.















