ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീറബ്ദുള്ള ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ താത്കാലിക ചുമതലയേറ്റെടുത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ. ഇറാന്റെ ഭരണഘടനയിൽ ആർട്ടിക്കിൾ 131 പറയുന്നതിനുസരിച്ച് പ്രസിഡന്റിന് എന്തെങ്കിലും സംഭവിച്ചാൽ സുപ്രീം ലീഡറുടെ അനുമതിയോടെ താത്കാലിക ചുമതല ഏറ്റെടുക്കേണ്ടത് വൈസ് പ്രസിഡന്റാണ്.
പ്രസിഡന്റിന് ജീവഹാനി സംഭവിച്ച സാഹചര്യത്തിൽ ഇറാനിൽ അടുത്ത 50 ദിവസത്തിനുള്ളിൽ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. വൈസ് പ്രസിഡന്റും, പാർലമെന്റ് സ്പീക്കറും അടക്കമുള്ള കൗൺസിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. സുപ്രീംലീഡൽ അലി ഖമനേയിയുമായി അടുത്ത ബന്ധമുള്ളയാളാണ് നിലവിലെ വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഇറാനെ ഞെട്ടിച്ച ഹെലികോപ്റ്റർ അപകടം നടന്നത്. അസർബൈജാൻ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രസിഡന്റും വിദേശകാര്യമന്ത്രിയും സഞ്ചരിച്ചിരുന്ന കോപ്റ്റർ മൂടൽമഞ്ഞ് കാരണം അപകടത്തിൽപ്പെടുകയായിരുന്നു. കാണാതായ കോപ്റ്ററിനായി 20 മണിക്കൂറോളം നീണ്ട തെരച്ചിലായിരുന്നു നടന്നത്. ഒടുവിൽ കത്തിയമർന്ന നിലയിൽ ഹെലികോപ്റ്റർ കണ്ടെത്തി. പ്രസിഡന്റും മന്ത്രിയുമടക്കം കോപ്റ്ററിലുണ്ടായിരുന്ന 9 പേരും മരിച്ചിരുന്നു.















