പനാജി: ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയ ടൂറിസ്റ്റ് ബോട്ടിലെ യാത്രക്കാർക്ക് രക്ഷകരായി ഭാരതീയ തീരദേശ സേന. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പനാജിയിൽ നിന്ന് പുറപ്പെട്ട “നെരൂൾ പാരഡൈസ്” എന്ന ടൂറിസ്റ്റ് ബോട്ടാണ് ഇന്ധനം തീർന്നതിനെ തുടർന്ന് മോർമുഗാവോ ഹാർബറിന് അടുത്ത് കുടുങ്ങി കിടന്നത്. ബോട്ടിൽ 24 യാത്രക്കാരും 2 ജീവനക്കാരും ഉണ്ടായിരുന്നു.
ഓരോ നിമിഷവും വൻ തിരമാലകളെയും പരുക്കൻ കാലാവസ്‌ഥയെയും അതിജീവിക്കുകയായിരുന്നു ടൂറിസ്ററ് ബോട്ട്. ഇതിനിടെയാണ് രക്ഷകരായി തീരദേശസേന എത്തിയത്.
പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശ്രദ്ധയിൽ “നെരൂൾ പാരഡൈസ്” പെട്ടതോടെയാണ് വൻ ദുരന്തം ഒഴിവായത്. തുടർന്ന് തീരദേശസേനയുടെ C-148 എന്ന ബോട്ടിന്റെ സഹായത്തോടെ “നെരൂൾ പാരഡൈസ്” ലെ 24 യാത്രക്കാരെയും 2 ജീവനക്കാരെയും സുരക്ഷിത സ്‌ഥാനത്ത് എത്തിക്കുകയായിരുന്നു. തീരദേശസേനയുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.















