എറണാകുളം: മോഹിനിയാട്ട കാലാകാരനായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം ജൂനിയർ സത്യഭാമയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. സത്യഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് അറസ്റ്റ് തടഞ്ഞത്.
കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്.
ഒരു അഭിമുഖത്തിനിടയിലായിരുന്നു സത്യഭാമ ആർഎൽവി രാമകൃഷ്ണെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയാട്ടം എപ്പോഴും മോഹിനിയായിരിക്കണം കളിക്കേണ്ടതെന്നും പുരുഷന്മാർ മോഹിനിയാട്ടം കളിക്കുകയാണെങ്കിൽ അവർക്ക് സൗന്ദര്യം ഉണ്ടായിരിക്കണമെന്നും സത്യഭാമ അഭിമുഖത്തിൽ പറഞ്ഞു.
മോഹിനിയാട്ടം കളിക്കുന്ന ചിലർക്ക് കാക്കയുടെ നിറമാണെന്നും അത്തരക്കാർ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും അവർ രൂക്ഷമായി വിമർശിച്ചിരുന്നു. കറുത്ത നിറമുള്ള എല്ലാ കലാകാരന്മാരെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇതിന് പിന്നാലെയാണ് ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. സിനിമാ, സാമൂഹ്യ, രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖരും സത്യഭാമക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.