ഭുവനേശ്വർ: ബിജെഡിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാർ ഭൂമാഫിയയുടെയും അഴിമതിക്കാരുടെയും ഒപ്പമാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഒഡിഷയിലെ കട്ടക്കിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘ഒഡിഷയിൽ നിന്ന് ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയെ ജനങ്ങൾ തിരഞ്ഞെടുക്കും. ജനങ്ങൾ പുതിയ ചരിത്രം സൃഷ്ടിക്കും. ഒഡിഷയിൽ ബിജെപി സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. ബിജെഡി സംസ്ഥാനത്ത് ഭൂമാഫിയയെയും മണൽ മാഫിയയെയും മാത്രമാണ് വളർത്തിയത്. ബിജെപി അധികാരത്തിലെത്തിയാൽ മാഫിയയുടെ നട്ടെല്ല് തല്ലിത്തകർക്കും. 25 വർഷത്തിന് ശേഷം ഒഡീഷ ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ പോവുകയാണെന്ന് നിങ്ങളുടെ തെരഞ്ഞെടുപ്പ് ആവേശം കാണുമ്പോൾ എനിക്ക് മനസിലാകുന്നു’.
‘ജൂൺ 10-ന് ഒഡിഷയിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും. ജനങ്ങളുടെ പിന്തുണകൊണ്ട് മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിലെത്തും. രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഇവിടുത്തെ ജനങ്ങൾ നേരിടുന്നത്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെഡി സർക്കാരിന് താൽപ്പര്യമില്ല. കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് ബിജെഡി തടസമാകുകയാണ്’.
‘സംസ്ഥാനത്തിന്റെ ഈ അവസ്ഥ വളരെയധികം ദൗർഭാഗ്യകരമാണ്. സംസ്ഥാന സർക്കാർ വളരെ മോശം അവസ്ഥയിലേക്കാണ് ഒഡിഷയെ എത്തിച്ചിരിക്കുന്നത്. ബിജെഡിയുടെ അഴിമതി കാരണം സംസ്ഥാനത്തെ യുവാക്കൾക്ക് വലിയ നഷ്ടങ്ങളാണുണ്ടായത്. സംസ്ഥാനത്തെ നശിപ്പിച്ചവർക്ക് വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ജനങ്ങൾ അവർക്ക് മറുപടി നൽകുക തന്നെ ചെയ്യും’- പ്രധാനമന്ത്രി പറഞ്ഞു.















