അയോദ്ധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം അദ്ദേഹം മാദ്ധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“വോട്ട് ചെയ്യുന്നത് എല്ലാവരുടെയും അവകാശമാണ്. ആരും അത് വേണ്ട എന്ന് വെയ്‌ക്കരുത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണം. ബിജെപി സർക്കാർ അധികാരത്തിൽ വരണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തോടെയാണ് ഞാൻ വോട്ട് രേഖപ്പെടുത്തിയത്. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്തത് പ്രധാനമന്ത്രി മോദി ചെയ്തു. അദ്ദേഹം ഇപ്പോൾ ജനങ്ങളുടെ വികാരമാണ്”- ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
അയോധ്യയിലെ സിറ്റിംഗ് എംപിയായ ലല്ലു സിംഗാണ് ബിജെപി സ്ഥാനാർത്ഥി. അയോദ്ധ്യയിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുമെന്നും വികസനത്തിലൂടെ അയോദ്ധ്യയുടെ മുഖം മിനുക്കുമെന്നും ലല്ലു സിംഗ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സമാജ്‌വാദി പാർട്ടിയുടെ അവധേഷ് പ്രസാദ്, ബഹുജൻ സമാജ് പാർട്ടിയുടെ സച്ചിദാനന്ദ് പാണ്ഡെ എന്നിവരാണ് അയോദ്ധ്യയിൽ ലല്ലു സിംഗിന്റെ എതിർ സ്ഥാനാർത്ഥികൾ.