ചണ്ഡീഗഢ്: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ ആരാകും പ്രധാനമന്ത്രിയെന്ന് ആരാഞ്ഞ് കേന്ദ്രമന്ത്രി അമിത് ഷാ. ശരത് പവാർ, മമതാ ബാനർജി, സ്റ്റാലിൻ, അരവിന്ദ് കെ ജ് രി വാൾ, ഉദ്ധവ് താക്കറെ, രാഹുൽ ഗാന്ധി ഇവരിൽ ആരായിരിക്കും അത്. പ്രതിപക്ഷസഖ്യത്തെ നയിക്കാൻ നേതാക്കളോ ശക്തമായ നയങ്ങളോ ഇല്ലെന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ കർനാളിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ രാജ്യത്തിന് വേണ്ടത് ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രധാനമന്ത്രിയേയാണ്. പാകിസ്താന് തക്കതായ മറുപടി നൽകുന്ന, കോവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്ന, പാക് അധീന കശ്മീരിനെ ഭാരതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന, മുത്തലാഖ് നിരോധിക്കുന്ന, നക്‌സലിസം ഉന്മൂലനം ചെയ്യുന്ന, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന പ്രധാനമന്ത്രിയെയാണ് ഭാരതത്തിന് വേണ്ടതെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃ മികവിനെ രാജ്യത്തെ ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ എന്നും അമിത് ഷാ കൂട്ടിച്ചേർത്തു. മോദി മോദി എന്ന മുദ്രവാക്യങ്ങൾ രാജ്യം വികസിക്കുമെന്ന ജനങ്ങളുടെ ഉറപ്പാണ്. പ്രധാനമന്ത്രിക്ക് മാത്രമേ രാജ്യത്തെ വികസിതവും സ്വതന്ത്രവും സുരക്ഷിതവുമായി നിലനിർത്താൻ സാധിക്കൂ. പ്രധാനമന്ത്രി നരേന്ദ്രമോദി ഹരിയാനയുടെ വികസനത്തിനായി 2,70,000 ചെലവഴിച്ചപ്പോൾ കോൺഗ്രസ് സർക്കാർ 47,000 കോടി മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.