തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ നയത്തോട് യെസ് മൂളിയെങ്കിലും അനുസരിക്കാൻ മടിച്ച് കേരളം. സംസ്ഥാനത്ത് നാല് വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുമെങ്കിലും പലതും തള്ളി കളഞ്ഞാണ് കോഴ്സ് ഘടന തയ്യാറാക്കിയിരിക്കുന്നത്. ഏകീകൃത സ്വഭാവത്തെ ഇല്ലാതാക്കുന്നത് വിദ്യാർത്ഥികളെയും പഠനരീതികളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
മൾട്ടിപ്പിൾ എൻട്രി- എക്സിറ്റ്, ക്രെഡിറ്റ് ട്രാൻസ്ഫർ തുടങ്ങി യുജിസിയുടെ പല നിർദ്ദേശങ്ങളും കേരളം കാറ്റിൽ പറത്തി. ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് പഠനം കഴിയുമ്പോൾ നിശ്ചിത ക്രെഡിറ്റ് സ്വന്തമാക്കിയവർക്ക് പുറത്ത് പോകാനും നിശ്ചിത സമയത്തിനുള്ളിൽ തിരികെ എത്തി കോഴ്സ് പൂർത്തിയാക്കാനും സാധിച്ചിരുന്നു.
ആദ്യ വർഷത്തിന് ശേഷം സർട്ടിഫിക്കറ്റ്, രണ്ടാം വർഷത്തിന് ശേഷം ഡിപ്ലോമ, മൂന്നാം വർഷത്തിന് ബിരുദം, നാലാം വർഷത്തിന് ശേഷം ഓണേഴ്സ് ബിരുദം എന്നിവയായിരുന്നു യുജിസിയുടെ നിർദ്ദേശം. എന്നാൽ കേരളത്തിൽ മൂന്നാം വർഷത്തെ ബിരുദം, നാലം വർഷത്തെ ഓണേഴ്സ് ബിരുദം എന്നിവ മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോഴ്സിന്റെ 40 ശതമാനം ക്രെഡിറ്റ് ഓൺലൈൻ കോഴ്സുകളിലൂടെ പൂർത്തിയാക്കാമെന്നാണ് യുജിസി നിർദ്ദേശം. അതേസമയം, കേരളത്തിൽ എട്ടാം സെമസ്റ്ററിലൂടെ ആകെ ക്രെഡിറ്റിൽ 16 എണ്ണം ഓൺലൈൻ കോഴ്സുകളിലൂടെ നേടണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബാക്കി സെമസ്റ്ററുകളിൽ വിജയിക്കാൻ ആവശ്യമായ ക്രെഡിറ്റിന് അധികമായത് നേടാൻ ഓൺലൈൻ കോഴ്സുകളെ ആശ്രയിക്കണം.
ക്രെഡിറ്റ് ട്രാൻസ്ഫർ രീതിക്കും പല നിയന്ത്രണങ്ങളുും ഏർപ്പെടുത്തിയിട്ടുണ്ട്. യുജിസി മാനദണ്ഡ പ്രകാരം അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ രേഖപ്പെടുത്തുന്ന ക്രെഡിറ്റുകൾ ഉപയോഗിച്ച് മറ്റൊരു സർവകലാശാലയിലോ കോളേജിലോ പഠനം തുടരാം. എന്നാൽ കേരളത്തിലെ സ്ഥാപനങ്ങൾ നിലവിൽ നൽകിയിരിക്കുന്ന നിർദ്ദേശം അനുസരിച്ച് ഒരേ സർവകലാശാലയിലെ കോളേജുകളിലേക്ക് മാത്രമാണ് ഇത്തരത്തിൽ മാറാൻ സാധിക്കുന്നത്.
ആദ്യ സെമസ്റ്ററിലെ ഫൗണ്ടേഷൻ കോഴ്സ് എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കണമെന്നാണ് യുജിസിയുടെ നിർദ്ദേശം. 12-ാം ക്ലാസിൽ പഠിക്കാത്ത വിഷയത്തിൽ ഉപരിപഠനം നടത്താൻ വിദ്യാർത്ഥികളെ പര്യാപ്തമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കേരളത്തിൽ ഭാഷ, തനത് വിജ്ഞാനം. നൈപുണ്യ ശേഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യുജിസിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ കേരളത്തിന് മടിയെന്നാണ് ഉയരുന്ന ആക്ഷേപം.