കൊൽക്കത്ത: വിരമിക്കൽ വേളയിൽ തന്റെ ജീവിതത്തിൽ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിനുള്ള (ആർഎസ്എസ് ) പങ്കിനെക്കുറിച്ച് വാചാലനായി കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ്. ആർഎസ്എസ് തനിക്ക് ദേശസ്നേഹവും ധൈര്യവും പകർന്നു നൽകിയെന്നും തന്റെ വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതൽക്കു തന്നെ ആർഎസ്എസിന്റെ ഭാഗമാണെന്നും അദ്ദേഹം വിരമിക്കൽ പ്രസംഗത്തിൽ പറഞ്ഞു.
” ഇന്ന് ഞാനെന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു. അതിൽ ഞാൻ ഒരു സംഘടനയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എന്റെ കുട്ടിക്കാലം മുതൽ യൗവ്വനം വരെ ഞാൻ അവിടെത്തന്നെയായിരുന്നു. ധൈര്യശാലിയായി മാറാനും നേരിനൊപ്പം നിൽക്കാനും എല്ലാവരേയും തുല്യരായി കാണാനും എല്ലാത്തിലുമുപരി ദേശസ്നേഹവും എന്ത് ജോലിയാണോ ചെയ്യുന്നത് അത് പൂർണ അർപ്പണബോധത്തോടെ ചെയ്യാനുമെല്ലാം ഞാൻ അവിടെ നിന്നുമാണ് പഠിച്ചത്,” ജഡ്ജി പറഞ്ഞു.
“ഞാനൊരു ആർഎസ്എസുകാരൻ ആയിരുന്നു, ഇനിയും ആയിരിക്കും” അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു ജഡ്ജിയായ ശേഷം സംഘടനയിൽ നിന്നും അകന്ന് നിൽക്കുകയാണെന്നും, താൻ എല്ലാ കേസുകളും കക്ഷി രാഷ്‌ട്രീയമില്ലാതെ നിഷ്പക്ഷമായാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ തൊഴിൽ രംഗത്തെ ഒരു നേട്ടത്തിനും സംഘടനയിലെ അംഗത്വം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷ സ്വദേശിയായ ജസ്റ്റിസ് ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ് 1986ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 2022 ജൂൺ 20 ന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി.















