ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി അടുത്തബന്ധം. പാർട്ടി നേതൃത്വം ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഭീകരർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നു.
പഞ്ചാബ് നിയമസഭാ സ്പീക്കർ കുൽതാർ സിംഗ് സാന്ധവൻ ഖലിസ്ഥാൻ ഭീകരൻ ഹർജിത് സിംഗ് ബജ്‌വയുമായി കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോയാണ് പുറത്ത് വന്നത്. 2022 സെപ്റ്റംബറിൽ കാനഡയിലെ മോൺട്രിയലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഫോണിലൂടെ ചർച്ചയുടെ ഭാഗമായതായും സൂചനയുണ്ട്.
ഇതിന് പിന്നാലെ ബബ്ബർ ഖൽസ ഇൻ്റർനാഷണൽ നിന്ന് ആം ആദ്മിക്ക് 5 ദശലക്ഷം യുഎസ് ഡോളറിലധികം ഫണ്ട് ലഭിച്ചതായാണ് സൂചന. ഖലിസ്ഥാൻ റഫറണ്ടം വോട്ടർ രജിസ്ട്രേഷൻ പ്രവർത്തകരെ അറസ്റ്റ് ചെയ്യരുതെന്ന നിബന്ധനയൊടെയാണ് ഭീകരസംഘടന പണം നൽകിയത്.
ആരാണ് ഹർജീത് സിംഗ് ബജ്‌വ?
കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരരുടെ നേതാവാണ് ബജ്‌വ. ഇയാളുടെ നേതൃത്വത്തിലാണ് ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഖലിസ്ഥാൻ അനുകൂല റാലി നടന്നത്. അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
2014 നും 2022 നും ഇടയിൽ ആം ആദ്മിക്ക് തെരഞ്ഞെടുപ്പ് ധനസഹായമായി 16 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 133.54 കോടി രൂപ)യാണ് ഖലിസ്ഥാൻ ഭീകര സംഘടന നൽകിയത്. 1993 ലെ ഡൽഹി ബോംബ് സ്‌ഫോടനത്തിലെ പ്രതി ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചനമായിരുന്നു പണത്തിന് പകരം അവർ ആവശ്യപ്പെട്ടത്. മറ്റൊരു ഭീകര സംഘനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂനാണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മുൻ എഎപി നേതാക്കളായ ഗുർപ്രീത് ഗുഗ്ഗി, സുഖ്പാൽ ഖൈറ, കുമാർ വിശ്വാസ്, എഎപി രാജ്യസഭാംഗം സന്ദീപ് പഥക് എന്നിവരാണ് ഫണ്ട് കൈമാറ്റത്തിന് ഇടനിലക്കാരായി പ്രവർത്തിച്ചത്.