കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവാകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനിയർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. കേസ് ജൂൺ 25-ന് പരിഗണിക്കും. ഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷനിൽ സ്വകാര്യവ്യക്തിയുടെ ഷെഡിൽ നിന്നാണ് ഷോക്കേറ്റത്. പുതിയോട്ടിൽ സ്വദേശി മുഹമ്മദ് റിജാസ് (18) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
മരണം സംഭവിക്കുന്നതിന്റെ തലേദിവസം കെഎസ്ഇബി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കടയിൽ ഷോക്കേൽക്കുന്ന പ്രശ്നമുണ്ടെന്ന് കെഎസ്ഇബിയെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് കടയുടമയുടെ ആരോപണം. സംഭവത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കെഎസ്ഇബി ഇലക്ട്രിക്കൽ എഞ്ചിനിയർ ആണ് നിലവിൽ അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിലാണ് സർവീസ് വയറിലും കടയിലെ വയറിംഗിലും ചോർച്ചയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. മഴയത്ത് സർവീസ് വയർ തകര ഷീറ്റിൽ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാനാണ് സാധ്യതയെന്നാണ് നിഗമനം. കടയുടെ പുറത്ത് ബൾബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം നിലനിൽക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ വച്ച് സംഭവം നടന്നത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയവരുടെ സഹായത്തോടെ മുഹമ്മദ് റിജാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















