ജോധ്പൂർ: കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സമീപിച്ച സ്കൂൾ അധ്യാപകന്റെ വീടും സ്വത്തുക്കളും കൈക്കലാക്കി മന്ത്രവാദി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അദ്ധ്യാപകൻ ചേതൻറാം ദേവ്ഡയാണ് വീട്ടിലെ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ മന്ത്രവാദിയുടെ സഹായം തേടിയത്. എന്നാൽ മന്ത്രവാദിയായ കാലു ഖാനും മകനും ചേർന്ന് ഇയാളെ വിദഗ്ധമായി തട്ടിപ്പിൽ കുടുക്കുകയായിരുന്നു. 2023 ൽ നടന്ന സംഭവത്തിൽ ചേതൻറാമിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ചേതൻറാമിന്റെ വീട്ടിലെ പ്രശ്നങ്ങളുടെയെല്ലാം കാരണം വീടുൾപ്പെടുന്ന സ്ഥലമാണെന്ന് പറഞ്ഞ മന്ത്രവാദി അത് വിൽക്കാൻ ഉപദേശിക്കുകയായിരുന്നു. തുടർന്ന് സ്വത്ത് കാലു ഖാന്റെ പേരിലേക്ക് മാറ്റാനും പ്രശ്നങ്ങൾ പരിഹരിച്ചുകഴിയുമ്പോൾ തിരികെ നൽകാമെന്നും അവർ ചേതൻറാമിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതനുസരിച്ച് അദ്ധ്യാപകൻ തന്റെ 4,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്വത്ത് കാലു ഖാന്റെ പേരിലേക്ക് മാറ്റി. എന്നാൽ പ്രശ്നങ്ങൾ അവസാനിക്കാതെ വന്നതോടെ ചേതൻറാം വീണ്ടും മന്ത്രവാദിയെയും മകനെയും സമീപിക്കുകയും വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖ തിരികെ ചോദിക്കുകയും ചെയ്തു. എന്നാൽ ഇത് കുടുംബത്തിൽ മരണം സംഭവിക്കുന്നതിന് കാരണമാകുമെന്ന് മന്ത്രവാദി ഇയാളെ പറഞ്ഞുവിശ്വസിപ്പിച്ചു . മാത്രമല്ല 1,200 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തീർണമുള്ള ചേതൻറാമിന്റെ ശേഷിക്കുന്ന സ്വത്തുക്കളും അവർ തന്ത്രപൂർവം തങ്ങളുടെ പേരിലാക്കി.
ഈ രണ്ട് സ്വത്തുക്കളും മന്ത്രവാദിയും മകനും ചേർന്ന് മറ്റുരണ്ട്പേർക്ക് വിൽക്കുകയും ചെയ്തു. 2024 – ഇവർ ചേതൻ റാമിന്റെ വീട്ടിലെത്തി ഒഴിയാൻ പറയുമ്പോഴാണ് അധ്യാപകന്റെ ഭാര്യ കാര്യങ്ങൾ അറിയുന്നത്. തുടർന്ന് ഇവർ സ്വത്ത് തട്ടിയെടുത്ത മന്ത്രവാദിയും മകനുമുൾപ്പെടെ നാലുപേർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ അന്വേഷണം നടന്ന് വരികയാണ്.















