ന്യൂഡൽഹി: എവറസ്റ്റ്, എംഡിഎച്ച് എന്നീ ഇന്ത്യൻ കമ്പനികളുടെ സുഗന്ധ വ്യഞ്ജന മിശ്രിതങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ഈ കറി പൗഡർ ബ്രാൻഡുകളിൽ കാൻസറിന് കാരണമാകുന്ന കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന തരത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇരു കമ്പനികളുടെയും ഉത്പന്നങ്ങളുടെ സാമ്പിൾ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് അറിയിച്ചത്.
രണ്ട് കമ്പനികളുടെയും ഫാക്ടറികളിൽ നിന്നെടുത്ത 35 സാമ്പിളുകളാണ് പരിശോധിച്ചത്. ഇത് 28 സാമ്പിളുകളിലും എഥിലിൻ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇന്ത്യൻ കമ്പനികളായ എവറസ്റ്റിന്റെയും എംഡിഎച്ചിന്റെയും ഉത്‌പന്നങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നുള്ള വാർത്തകൾ ഹോങ്കോംഗിലും സിംഗപ്പൂരിലും വലിയ ചർച്ചകൾക്ക് വഴിവഹിക്കുന്നു. കൂടാതെ ഹോങ്കോങ്ങിന്റെ ഭക്ഷ്യ സുരക്ഷാ വിഭാഗം മുൻകൂട്ടി പാക്ക് ചെയ്ത സുഗന്ധ വ്യഞ്ജനങ്ങളിൽ എഥിലിൻ ഓക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി പറഞ്ഞിരുന്നു.
ഇത്തരം വാർത്തകളെ തുടർന്ന് ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഏപ്രിൽ 22 ന് രാജ്യവ്യാപകമായി പരിശോധനകൾ നടത്തുകയും സുഗന്ധവ്യഞ്ജന സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. എവറസ്റ്റ് സുഗന്ധവ്യഞ്ജനങ്ങളുടെ രണ്ട് നിർമ്മാണ യൂണിറ്റുകളിൽ നിന്ന് 9 സാമ്പിളുകളും 11 എംഡിഎച്ച് നിർമ്മാണ യൂണിറ്റുകളിൽ നിന്ന് 25 സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചതിലാണ് ഫലം വന്നത്.















