തിരുവനന്തപുരം; തൈക്കാട് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം ആരോഗ്യകേരളത്തിന് അപമാനമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സാ പിഴവ് തുടർക്കഥയാവുമ്പോഴും പകർച്ചവ്യാധികൾ പടരുമ്പോഴും സർക്കാർ തുടരുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വി. മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ് ‘ എന്ന് പറഞ്ഞ തൈക്കാട് ആശുപത്രിയിലെ ഡോക്ടർമാർക്ക് ‘നല്ല നമസ്കാരം’ നൽകിയ മന്ത്രി ശസ്ത്രക്രിയ കഴിഞ്ഞ് കത്രിക കൂട്ടി തുന്നിക്കെട്ടിയും കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയും കേരളത്തിലെ സർക്കാർ ആശുപത്രികൾ രാജ്യത്തിന് മുന്നിൽ പരിഹാസ്യമാകുകയാണെന്നും ചൂണ്ടിക്കാട്ടി.
പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള രോഗികളുടെ ജീവനാണ് ഇത്തരത്തിൽ പന്താടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും അപകടകരമായി പടരുകയാണ്. മുഖ്യമന്ത്രിക്ക് പനി വന്നാലും ചികിത്സിക്കാൻ അമേരിക്കയിൽ പോവാം. പക്ഷേ നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ പോലും പോകാൻ നിവൃത്തിയില്ലാത്ത പാവങ്ങൾ എന്തുചെയ്യണമെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കൊവിഡ് കാലത്ത് വേണ്ടതും വേണ്ടാത്തതും പറഞ്ഞ് എല്ലാ ദിവസവും ഒരു മണിക്കൂർ മലയാളിയെ ഉപദേശിച്ച പിണറായി എവിടെപ്പോയെന്നും വി.മുരളീധരൻ ചോദിച്ചു.