സുഹൃത്തുക്കൾ ഉണ്ടെങ്കിലും ബെസ്റ്റ് ഫ്രണ്ടെന്ന് പറയാൻ കഴിയുന്നവരാരും തനിക്കില്ലെന്ന് നടൻ ഷാജോൺ. എല്ലാ കാര്യവും ഭാര്യയുമായിട്ടാണ് ചർച്ച ചെയ്യുന്നതും വീട്ടിൽ പറയാതെ താൻ എവിടെയും പോകില്ലെന്നും നടന് പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ ‘സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഷൂട്ടിംഗ് ഇല്ലെങ്കിൽ ഞാൻ വീട്ടിൽ തന്നെ കാണും. എനിക്ക് പേരെടുത്ത് പറയാൻ കഴിയുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളുമില്ല. അതെന്റെ ഒരു കുറവാണെന്ന് എനിക്കറിയാം. പക്ഷെ, ഒരു പ്രശ്നം വന്നാൽ പറയാൻ കഴിയുന്ന സുഹൃത്തുക്കളൊക്കെ ഉണ്ട്. പക്ഷെ അവരൊക്കെ ബെസ്റ്റ് ഫ്രണ്ട്സ് ആണോയെന്ന് ചോദിച്ചാൽ അല്ല. ഞാൻ ആരെയും അങ്ങനെ വെറുപ്പിക്കാറില്ല. ഒരു കാര്യ സാധ്യത്തിന് വേണ്ടി ഞാൻ ആരുടെയും അടുത്ത് സമീപിക്കുകയുമില്ല.
അതുകൊണ്ട് തന്നെ, സീനിയർ നടന്മാരൊക്കെ ഞാൻ ഒരു മെസേജ് അയച്ചാൽ അപ്പോൾ തന്നെ തിരികെ മറുപടി നൽകും. എല്ലാ കാര്യങ്ങളിലുമുള്ള പിന്തുണ കുടുംബമാണ്. ഭാര്യയുമായിട്ടാണ് എല്ലാ കാര്യവും സംസാരിക്കുന്നത്. കുട്ടികൾ വലുതായതിനാൽ അവരുമായിട്ടും സംസാരിക്കും. സിനിമയ്‌ക്കുള്ളിലെ കാര്യം ആണെങ്കിലും സിനിമയ്‌ക്ക് പുറത്തുള്ള സൗഹൃദങ്ങളാണെങ്കിലും ഭാര്യയുമായി ചർച്ച ചെയ്താണ് എല്ലാപ്രധാനപ്പെട്ട തീരുമാനങ്ങളും ഞാൻ എടുക്കുന്നത്. സിനിമ തിരഞ്ഞെടുക്കുന്നത് എന്റെ തീരുമാനമാകും.
ഇതൊക്കെ പണ്ട് മുതലുള്ള ശീലങ്ങളാണ്. പണ്ട് പ്രോഗ്രാമിന് പോകുന്ന കാലം മുതൽ പോകുന്ന സ്ഥലം വീട്ടിൽ വിളിച്ച് പറയാറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അത് ഭാര്യയായി മാറി. ഇപ്പോൾ ഞാൻ എവിടെയുണ്ടെന്ന് എന്റെ ഭാര്യയോട് ചോദിച്ചാൽ കൃത്യമായി അറിയാൻ സാധിക്കും. അതുകൊണ്ടൊക്കെ, ഭാര്യയോട് പറയാതെ എവിടെയെങ്കിലും പോകാനും എനിക്ക് പേടിയാണ്. ഫോൺ വിളിക്കുമ്പോൾ നമ്മൾ ഏത് അവസ്ഥയിലാണെന്ന് കൃത്യമായി അവൾക്കറിയാം. ഒറ്റ ഹലോയിൽ അവൾ പിടിക്കും. അതുകൊണ്ട് ഒന്നും ഒളിച്ചു വെക്കാറില്ല.’- കലാഭവൻ ഷാജോൺ പറഞ്ഞു.















