ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പന്നമായ സൈനിക പൈതൃകത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രതിരോധ മേഖലയെ സജ്ജമാക്കാൻ സൈന്യം. ലോകം കണ്ടതിൽ വച്ച് ഐതിഹാസികമായ യുദ്ധം നടന്ന മഹാഭാരതവും മൗര്യരുടെയും ഗുപ്തരുടെയും മറാത്തകളുടെയും തന്ത്രപരമായ കഴിവുകളും പഠനവിധേയമാക്കുകയും പര്യവേക്ഷണം ചെയ്തിട്ടുണ്ടെന്നും ഭാവി വെല്ലുവിളികളെ നേരിടാൻ സൈന്യം തയ്യാറെടുത്ത് കഴിഞ്ഞെന്നും സൈനിക മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.
‘പ്രൊജക്ട് ഉദ്ഭവ്’ എന്ന പദ്ധതിക്ക് കീഴിലാണ് ഭാരതത്തിന്റെ സൈനിക മികവുകൾ പര്യവേക്ഷണം ചെയ്യുന്നത്. മഹാഭാരതം, വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ, അർത്ഥശാസ്ത്രം എന്നിവയിൽ നിന്നുള്ള പഠനങ്ങൾ ഉൾക്കൊള്ളാൻ ലക്ഷ്യമിടുന്നതാണ് പ്രൊജക്ട് ഉദ്ഭവെന്നും സൈനിക മേധാവി പറഞ്ഞു. യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ (യുഎസ്ഐ) സംഘടിപ്പിച്ച “Historical Patterns in Indian Strategic Culture“ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാജ രഞ്ജിത് സിംഗ് മുതൽ ഛത്രപതി ശിവാജി മഹാരാജ് വരെയുള്ള മഹാനായ യോദ്ധാക്കളുടെ ചരിത്രമാണ് ഇന്ത്യക്കുള്ളതെന്ന് എയർ മാർഷൽ അനിൽ ചോപ്ര (റിട്ട) പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ട് വച്ച യുദ്ധസങ്കൽപങ്ങൾ ഇന്ത്യൻ പ്രദേശങ്ങളിലും മിക്ക സാഹചര്യങ്ങളിലും പ്രസക്തമല്ലായിരിക്കാം. എന്നിരുന്നാലും ഇന്ത്യയുടെ സമ്പന്നമായ പൈതൃകം നമ്മെ നയിക്കാനും ഭാവി നിർണയിക്കാനും നിർണായക പങ്ക് വഹിക്കുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
കൗടില്യന്റെ അർത്ഥശാസ്ത്രം, കാമണ്ഡകത്തിന്റെ നിതിസാരം, തമിഴ് കവി-സന്യാസി തിരുവള്ളുവരുടെ തിരുക്കുറൾ തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിൽ നിന്നുള്ള തന്ത്രം, നയതന്ത്രം, യുദ്ധം എന്നിവയെക്കുറിച്ചുള്ള പാഠങ്ങൾ ഉൾക്കൊണ്ടാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമായ ഇന്ത്യൻ സൈന്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും സൈന്യത്തെയും യുഎസ്ഐയെയും അഭിനന്ദിച്ചു. സായുധ സേനയ്‌ക്ക് നൂതനവും അത്യാധുനികവുമായി സേവനങ്ങൾ നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പുരാതന ഗ്രന്ഥങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത് ഇന്ത്യൻ സംസ്കാരത്തെ തൊട്ടുണർത്തുകയാണ് ചെയ്യുന്നത്. ഇത് സൈനിക ധാരണകളെ മെച്ചപ്പെടുത്തുന്നതിനൊപ്പം യുദ്ധ സങ്കൽപങ്ങൾക്ക് പുതിയ മാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.