ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ ടെഹ്‌റാനിലേക്ക് പുറപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്‌ട്രപതിയാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. വ്യാഴാഴ്ച ജന്മസ്ഥലമായ മഷാദിലാണ് സംസ്കാരം.
ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ന്യൂഡൽഹിയിലെ ഇറാൻ എംബസി അനുശോചനം രേഖപ്പെടുത്താൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മെയ് 19നാണ് ഇറാന്‍ പ്രസിഡന്റും വിദേശകാര്യമന്ത്രിയും അപകടത്തിൽ മരണപ്പെട്ട വിവരം സ്ഥിരീകരിച്ചത്. അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്‌റാനില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയാണ് അപകടം. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽഹെലികോപ്ടർ കണ്ടെത്തിയെങ്കിലും കത്തിയമർന്ന നിലയിലായിരുന്നു.