ഹൈദരാബാദ്: അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി 2898 എഡി’യിലെ പ്രധാന കഥാപാത്രത്തെ മെയ് 22 ന് വെളിപ്പെടുത്തും.
നാഗ് അശ്വിൻ സംവിധാനം നിർവ്വഹിച്ച് തെലുങ്കിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ പ്രധാനമായും അഞ്ചു കേന്ദ്ര കഥാപാത്രങ്ങളാണ് ഉള്ളത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈന്ദവ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്ഒരു പോസ്റ്റ്-അപ്പോക്കലിപ്‌റ്റിക് ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് . അമിതാഭ് ബച്ചൻ , കമൽഹാസൻ , ദീപിക പദുക്കോൺ , ദിഷ പടാനി എന്നിവർക്കൊപ്പം പ്രഭാസും ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു.
ചിത്രത്തിലെ അഞ്ചാമത്തെ നായകനെ മെയ് 22 ന് ഹൈദരാബാദിൽ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ആണ് വെളിപ്പെടുത്തുക.
നേരത്തെ മധ്യപ്രദേശിലെ നർമ്മദാ ഘട്ടിലെ നെമവാറിലെ ഒരു ചടങ്ങിലൂടെ മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ കഥാപാത്രത്തെ അശ്വത്ഥാമാവായി അവതരിപ്പിച്ചിരുന്നു. അശ്വത്ഥാമാവ് ഇപ്പോഴും നർമ്മദയുടെ തീരങ്ങളിൽ നടക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ ആണ് ഇതിനായി നെമവാറും നർമ്മദാ ഘട്ടും തിരഞ്ഞെടുത്തത്.
‘കൽക്കി 2898 എഡി’ വൈജയന്തി മൂവീസാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം ഭാവിയിൽ 2024 ജൂൺ 27-ന് തിയേറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്. തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യുന്ന ഈ സിനിമയുടെ തമിഴ് , മലയാളം , കന്നഡ , ഇംഗ്ലീഷ് എന്നീ ഭാഷകളിലെ മൊഴിമാറ്റം ചെയ്യപ്പെട്ട പതിപ്പുകളും ഉണ്ടാകും.