സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാരനായ വയോധികനായിരുന്നു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആകാശച്ചുഴിയിൽ അകപ്പെട്ട സമയത്ത് രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് അപകടസമയത്ത് നടന്ന കാര്യങ്ങളെ ഓർത്തെടുക്കുന്ന യാത്രക്കാർ പ്രതികരിക്കുന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാൻ തുടങ്ങിയതോടെ യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകളേറ്റിരുന്നു. സീറ്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാർ മുകളിലേക്ക് പൊങ്ങി ബോർഡിൽ തലയിടിച്ച് നിലത്ത് വീണു. യാത്രാമദ്ധ്യേ ആയിരുന്നതിനാൽ ഭൂരിഭാഗമാളുകളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അതിനാൽ ബാഗേജ് കാബിനിൽ യാത്രക്കാരുടെ തലയിടിച്ചു. ഭക്ഷണസാധനങ്ങൾ ചിന്നിച്ചിതറി. യുവാവിന്റെ കൈയിലിരുന്ന കുഞ്ഞ് തെറിച്ച് രണ്ടുവരി പിറകിലേക്ക് വീണു. പലരുടെയും ചെവിയിൽ നിന്നും തലയിൽ നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു. ചിലർ ഭയം കാരണവും മറ്റ് ചിലർ പരിക്കേറ്റതിന്റെ വേദന മൂലവും അലറിക്കരയാൻ തുടങ്ങി.
അപകടസമയത്ത് ശുചിമുറിയിൽ ആയിരുന്നവർക്കും ക്രൂ അംഗങ്ങൾക്കുമാണ് ഏറ്റവുമധികം പരിക്കേറ്റത്. അവർ നിലത്ത് കിടക്കുകയായിരുന്നു. പലർക്കും നട്ടെല്ലിനും തലയ്‌ക്കും പരിക്കേറ്റു. ചിലരുടെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഭയാനകവും ഏറ്റവും ദൈർഘ്യമേറിയതുമായ രണ്ട് മണിക്കൂറായിരുന്നു കടന്നുപോയതെന്നും രക്ഷപ്പെട്ട യാത്രക്കാർ പ്രതികരിച്ചു.
സിംഗപ്പൂർ എയർലൈൻസിന്റെ SQ 321 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശച്ചുഴിയിൽ അകപ്പെടുകയായിരുന്നു. നിയന്ത്രണം വീണ്ടെടുത്തതിന് പിന്നാലെ വിമാനം ബാങ്കോക്കിൽ അടിയന്തരമായി ലാൻഡ് ചെയ്ത് പരിക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പുവരുത്തി. യാത്രക്കാർക്കുണ്ടായ ഭയാനകമായ അനുഭവത്തിന് സിംഗപ്പൂർ എയർലൈൻസ് ക്ഷമാപണം നടത്തുകയും ചെയ്തു.















