ന്യൂഡൽഹി: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്‌ക്കിടെ വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യാത്രക്കാരോട് ക്ഷമ ചോദിച്ച് സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ്. 211 യാത്രക്കാരും 18ഓളം ജീവനക്കാരുമാണ് സംഭവസമയം വിമാനത്തിൽ ഉണ്ടായിരുന്നത്. എസ്‌ക്യു 321 വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരോടും, അവരനുഭവിക്കേണ്ടി വന്ന പ്രശ്‌നത്തിൽ ഖേദം അറിയിക്കുന്നതായി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ഗോ ചുൻ ഫോങ് പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും, അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ചാണ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞത്. 71ഓളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പിന്നാലെ വിമാനം ബാങ്കോക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി.
പരിക്കേറ്റവർ ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും ഗോ ചുൻ ഫോങ് അറിയിച്ചു. ”അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിനേയും അദ്ദേഹത്തിൻരെ പ്രിയപ്പെട്ടവരേയും അനുശോചനം അറിയിക്കുന്നു. എസ്‌ക്യു 321 വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദമുണ്ട്. യാത്രക്കാർക്കും ക്രൂ മെംബേഴ്‌സിനും ആവശ്യമായ എല്ലാ സഹായവും സിംഗപ്പൂർ എയർലൈൻസ് നൽകും. വിഷയത്തിൽ നടത്തുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ സിംഗപ്പൂർ എയർലൈൻസിന്റെ മറ്റൊരു വിമാനത്തിൽ ഇന്ന് പുലർച്ചെ സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.















