ന്യൂഡൽഹി: വരുമാനത്തിൽ വൻ കുതിപ്പുമായി പേടിഎം. 2023-24 സാമ്പത്തിക വർഷത്തിൽ 9,978 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. മുൻ വർഷത്തേക്കാൾ 25 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
വ്യാപാര മൂല്യ വർദ്ധനവ്, ഉപകരണങ്ങളുടെ ഉയർന്ന ആവശ്യകത, സാമ്പത്തിക സേവന വിതരണ മേഖലയിലെ വളർച്ച എന്നിവയാണ് ഈ നേട്ടം കൊയ്യാൻ സഹായകമായതെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ജനുവരി- മാർച്ച് പാദത്തിൽ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി 2,267 കോടി രൂപയുടെ വരുമാനം മാത്രമാണ് പേടിഎമ്മിന് ലഭിച്ചത്.
നിക്ഷേപം സ്വീകരിക്കൽ അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾ നടത്തുന്നതിൽ നിന്ന് ആർബിഐ വിലക്കിയതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മാർച്ച് പാദത്തിൽ പേടിഎമ്മിന്റെ നഷ്ടം 550 കോടി രൂപയാണ് ഉയർന്നത്. മുൻ പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
വളരെ പ്രതീക്ഷയോടെയാണ് വിപണിയെ കാണുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. വരുന്ന സാമ്പത്തിക വർഷത്തിൽ ഇടിവുണ്ടായ മേഖലകളിൽ വീണ്ടും നിക്ഷേപം നടത്തുമെന്ന ശുഭസൂചനയും കമ്പനി നൽകുന്നു. ജനുവരിയിലാണ് ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ആർബിഐ വിലക്കിയത്. ഇതാണ് മാർച്ച് പാദത്തെ പ്രതികൂലമായി ബാധിച്ചത്.