ആരോഗ്യകരമായ ശരീരത്തിന് ഉറക്കം പ്രധാനമാണ്. എന്നാൽ പലരും അത്ര കാര്യമാക്കാതെ വിടുന്ന ഒന്നാണ് ഉറക്കം. വെളുക്കുവോളം മൊബൈലും മറ്റും ഉപയോഗിച്ച ശേഷമാകും ഉറങ്ങുക. ഫലമോ, പിറ്റേ ദിവസം ഉറക്കച്ചടവോടെയാകും ഉണരുക. ശരീരത്തിന് ആവശ്യമായ ഉറക്കം അനിവാര്യമാണ്. അല്ലാത്തപക്ഷം ഗുരുതര പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തുമെന്നതിൽ സംശയമില്ല.
ഉറക്കത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്ന തരത്തിലൊരു പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒരു മണിക്കൂർ നേരത്തെ ഉറക്കം നഷ്ടപ്പെടുത്തിയാൽ അതിന്റെ ബുദ്ധിമുട്ടുകൾ മാറാൻ നാല് ദിവസമെടുക്കുമെന്നാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.
ഉറക്ക കുറവിന്റെ അനന്തരഫലങ്ങളിലേക്ക് വെളിച്ചം വീശും വിധത്തിലുള്ള പോസ്റ്റ് ഞൊടിയിടയിലാണ് വൈറലായത്. ഉറക്കം കുറയുന്നത് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന തലവേദനയ്‌ക്കും ഏകാഗ്രത കുറവിനും മുൻകോപത്തിനും വരെ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. പ്രായത്തിന് അനുസരിച്ചാണ് എത്ര സമയം ഉറങ്ങണമെന്ന് തീരുമാനിക്കേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.















