വിവാദങ്ങളുടെ പേരാണ് ഷെയിൻ നിഗം. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ അച്ചടക്കമില്ലായ്മയും അടുത്തിടെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളുമെല്ലാം വലിയ വിവാദമായിരുന്നു. അമ്മ സംഘടനയിൽ നിന്നുവരെ ഷെയിനിന് നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. വാക്കും പ്രവൃത്തിയും ശ്രദ്ധിച്ച് വേണമെന്ന് ജനങ്ങളും വിമർശിക്കുന്നു. ഇപ്പോൾ, ഷെയിൻ നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വിമർശനങ്ങൾ ഉയരുകയാണ്. അടുത്തിടെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷെയിൻ നടത്തിയ പരാമർശങ്ങളാണ് വീണ്ടും വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
നടി മഹിമാ നമ്പ്യരെ പരിഹസിക്കാൻ വേണ്ടി ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയേയും ഷെയിൻ നിഗം ഇകഴ്‌ത്തി സംസാരിച്ചതാണ് പുതിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തുടക്കം കുറിച്ചിരിക്കുന്നത്. അസഭ്യം കലർന്ന തരത്തിൽ സഹപ്രവർത്തകനായ നടനെ പരിഹസിക്കുകയാണ് ഷെയിൻ ചെയ്തതെന്ന് ജനങ്ങൾ വിമർശിക്കുന്നു. ഉണ്ണി മുകുന്ദൻ-മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയിൻ മോശം പരാമർശം നടത്തിയത്.
ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ UMF-നെ അശ്ലീല ഭാഷയിൽ പ്രയോഗിച്ചാണ് മഹിമാ നമ്പ്യരെ ഷെയിൻ പരിഹസിച്ചത്. ഈ സമയത്ത് അവതാരകയും മഹിമാ നമ്പ്യാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. ഷെയിൻ പ്രയോഗിച്ചത് വളരെ മോശം പദ പ്രയോഗമാണ്, ലഹരി ഉപയോഗിച്ചാണോ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നത്, അച്ഛന്റെ പേരിന് കളങ്കം വരുത്തുന്നു എന്നിങ്ങനെ നീളുന്നു ഷെയിൻ നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനം.