കോലിക്കും സംഘത്തിനും വധഭീഷണിയെന്ന് റിപ്പോർട്ട്; പരിശീലനം ഉപേക്ഷിച്ച് ആർസിബി

Published by
Janam Web Desk

എലിമിനേറ്ററിന് മുന്നോടിയായുള്ള പരിശീലനവും പത്രസമ്മേളനവും ഉപേക്ഷിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. rഗുജറാത്ത് കോളേജ് ഗ്രൗണ്ടിൽ നടക്കാനിരുന്ന പരിശീലനവും മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനവുമാണ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചത്. എന്നാൽ എതിരാളികളായ രാജസ്ഥാൻ റോയൽസ് പരിശീലനത്തിനിറങ്ങി.

വിരാട് കോലിക്കും ആർസിബി ടീമംഗങ്ങൾക്കും വധഭീഷണി ഉള്ളതിനാലാണ് പരിശീലനവും പത്രസമ്മേളനവും റദ്ദാക്കിയതെന്ന് ആനന്ദ് ബസാർ പത്രികയെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഭീകര ബന്ധമുള്ള നാല് പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും സംശയാസ്പദമായ വീഡിയോകളും മെസേജുകളും കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ടാണ് പരിശീലനം റദ്ദാക്കിയതെന്നാണ് വിവരം. എന്നാൽ ഫ്രാഞ്ചൈസി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അഹമ്മദാബാദിൽ എത്തിയതിന് ശേഷമാണ് വിരാട് കോലി ഭീകരരുടെ അറസ്റ്റിനെക്കുറിച്ച് അറിഞ്ഞത്. ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്കാണ് മുൻഗണന നൽകുന്നതെന്ന് ഗുജറാത്ത് പൊലീസ് ഓഫീസർ വിജയ് സിംഹ ജ്വാല പറഞ്ഞു. ആർസിബിക്ക് റിസ്‌ക് എടുക്കാൻ താത്പര്യമില്ല. പരിശീലന സെക്ഷൻ ഉണ്ടാകില്ലെന്ന് അവർ ഞങ്ങളെ അറിയിച്ചു. രാജസ്ഥാൻ റോയൽസിനെയും ഭീഷണിയെ കുറിച്ച് അറിയിച്ചിരുന്നു. പക്ഷേ അവർ പരിശീലനവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. അവർക്ക് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർസിബി താരങ്ങൾ താമസിക്കുന്ന ഹോട്ടലിന് പുറത്തും സുരക്ഷ ശക്തമാക്കി. ഗ്രീൻ കോറിഡോർ വഴിയാണ് രാജസ്ഥാൻ ടീം ഗ്രൗണ്ടിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജസ്ഥാൻ താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, റിയാൻ പരാഗ്, യുസ്വേന്ദ്ര ചഹൽ എന്നിവ‌‌‌‌ർ പരിശീലനത്തിൽ നിന്നും വിട്ടുനിന്നു. നായകൻ സഞ്ജു സമയം വൈകിയാണ് പരിശീലനത്തിന് എത്തിയത്. കനത്ത സുരക്ഷാ വലയത്തിലാണ് ആർആർ താരങ്ങൾ പരിശീലനം നടത്തിയത്. അതേസമയം വധഭീഷണിയില്ലെന്ന റിപ്പോർട്ടുകളും സജീവമാണ്.

Share
Leave a Comment