തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും ധൂർത്ത് കുറയ്‌ക്കാതെ സർക്കാർ. ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശീലനമാണ് ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാർ ധൂർത്തിന്റെ കളരിയാക്കി മാറ്റിയത്. 46.65 ലക്ഷം രൂപ ചെലവിൽ സ്റ്റാർ ഹോട്ടലിൽ താമസസൗകര്യത്തോടെ 6 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചതാണ് വിവാദമായത്. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവ് നിലനിൽക്കെയാണ് ജിഎസ്ടി വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ 210 ഉദ്യോഗസ്ഥർക്കായി റെസിഡൻഷ്യൽ ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നത്.
എറണാകുളത്തെ സ്വകാര്യ എൻജിനീയറിംഗ് കോളേജിൽ 20 മുതൽ 25 വരെയാണ് പരിപാടി. 38.10 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥരുടെ താമസത്തിനായി അനുവദിച്ചിരിക്കുന്നത്. ട്രെയിനിംഗ് ഹാളിന് 4.15 ലക്ഷം രൂപയും ഗതാഗതച്ചെലവിനും പരിശീലകർക്കുമായി 2 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്.
പരിശീലന പരിപാടികൾക്കായി സർക്കാർ സ്ഥാപനങ്ങൾ സ്റ്റാർ ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നത് വിലക്കി കൊണ്ട് 2023 ഓഗസ്റ്റ് 19നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. പരിശീലന പരിപാടികൾക്കായി സ്വന്തം സൗകര്യങ്ങളോ അല്ലെങ്കിൽ മറ്റ് സർക്കാർ സൗകര്യങ്ങളോ ഉപയോഗപ്പെടുത്തണമെന്നാണ് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നത്. തിരുവനന്തപുരത്തും മറ്റിടങ്ങളിലും നിരവധി സർക്കാർ സംവിധാനങ്ങൾ ഉള്ളപ്പോഴാണ് ആഡംബരമായി ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥർക്കായി പരിശീലനം സംഘടിപ്പിക്കുന്നത്.