എക്കാലത്തെയും ഉയർന്ന താപനിലയിലൂടെയാണ് ഉത്തരേന്ത്യ കടന്നുപോകുന്നത്. കടുത്ത ചൂടും ഉഷ്ണ തരംഗവുമൊക്കെയായി ജനങ്ങൾ വലയുകയാണ്. ചുട്ടുപൊള്ളുന്ന ചൂട് പലർക്കും ക്ഷീണം, നിർജലീകരണം, സൂര്യാതപം മുതലായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം ഇടയിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത് ഒരേ സമയം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരു വീഡിയോ ആണ്.
പൊള്ളുന്ന വെയിലത്ത് ടാറിട്ട റോഡിൽ ഓംലെറ്റുണ്ടാക്കുന്ന യുവതിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വെയിലത്ത് ചുവന്ന വസ്ത്രം ധരിച്ചെത്തുന്ന യുവതി റോഡിന്റെ ഒരു ഭാഗം ബോട്ടിലിൽ കരുതിയിരുന്ന വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇവർ റോഡിൽ എണ്ണ കൊണ്ട് തുടയ്‌ക്കുകയും ശേഷം രണ്ട് മുട്ട പൊട്ടിച്ച് വീഴ്‌ത്തി ഓംലെറ്റ് ഉണ്ടാക്കുകയും ചെയ്യുന്നു.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതോടകം തന്നെ 8 മില്യൺ കാഴ്ചക്കാരിലേക്കാണ് എത്തിയിരിക്കുന്നത്.. ഒപ്പം യുവതിയെ വിമർശിച്ചും കളിയാക്കിയും നിരവധി കമന്റുകളും വരുന്നുണ്ട്. പ്രശസ്തിക്കുവേണ്ടി ചെയ്തുകൂട്ടുന്ന കാര്യങ്ങളാണിതൊക്കെ എന്നാണ് മിക്കവരുടെയും അഭിപ്രായം.