അതിശക്തമായ മഴ ഇന്നും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, വരും മണിക്കൂറുകളിൽ മഴ ശക്തി പ്രാപിക്കാൻ സാധ്യത; ജാ​ഗ്രത

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തെക്കൻ കേരളത്തിന് മുകളിലായി നിൽക്കുന്ന ചക്രവാതച്ചുഴി സ്വാധീനഫലമായാണ് അതിശക്തമായ മഴ സാധ്യത തുടരുന്നത്. തെക്ക് പടി‍ഞ്ഞാറാൻ ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറിൽ ശക്തി പ്രാപിക്കും. ഇത് തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.

ഇന്നലെ കനത്ത മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. തൃശ്ശൂരിലും അതിശക്തമായ മഴയാണ് ലഭിച്ചത്. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെ വെള്ളമെത്തി. പരിസരത്തെ വീടുകളിലും വെള്ളം കയറി. തൃശ്ശൂർ കിഴക്കെകോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.

Share
Leave a Comment