നാല് ഘട്ടങ്ങൾ കൊണ്ട് തന്നെ കേവല ഭൂരിപക്ഷം മറികടന്നു; മൂന്നാം ഇന്നിംഗ്‌സിനായി ജനങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കഴിഞ്ഞ നാല് ഘട്ടങ്ങൾ കൊണ്ട് തന്നെ കേവല ഭൂരിപക്ഷം മറികടന്നുവെന്നും, ഇനിയുള്ള ഘട്ടങ്ങളിലൂടെ 400 സീറ്റുകൾ എന്ന ലക്ഷ്യം മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ” ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾ സജീവമായി പങ്കെടുക്കേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് ജനങ്ങളോട് ഓരോ റാലികളിലും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നത്. കഴിഞ്ഞ നാല് ഘട്ടങ്ങൾ കൊണ്ട് ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഇനിയുള്ള ഘട്ടങ്ങളിലൂടെ 400 സീറ്റുകൾ എന്ന ലക്ഷ്യം മറികടക്കും.

കശ്മീരിലെ വോട്ടിംഗ് ശതമാനത്തിൽ ഉണ്ടായ വർദ്ധന വലിയ സന്തോഷം നൽകുന്ന കാര്യമാണ്. പോളിംഗ് സ്‌റ്റേഷനുകൾക്ക് പുറത്ത് ക്യൂ നിൽക്കുന്ന ആളുകളുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിലൂടെ എല്ലാവരും കണ്ടുകഴിഞ്ഞു. ജമ്മു കശ്മീരിന്റെ മികച്ച ഭാവിക്കായുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞുവെന്നതിൽ സംതൃപ്തിയുണ്ട്. ശ്രീനഗറിൽ മാത്രമല്ല, ബാരാമുള്ളയിലും ഇത് നമ്മൾ കണ്ടതാണ്. വർഷങ്ങളായി വികസനത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ടവരാണ് കശ്മീരിലെ ജനങ്ങൾ. അഴിമതിയിൽ അവർ പൊറുതിമുട്ടി. എന്നാലിന്ന് ഭയവും സമ്മർദ്ദവും മറികടന്നാണ് അവർ വോട്ട് ചെയ്യാനെത്തുന്നത്.

ഓരോ വർഷവും ജനങ്ങളുടെ പ്രതീക്ഷകൾ അവസരം ലഭിച്ചിട്ടുണ്ട്. വികസനം തന്നെയാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന പ്രധാന കാര്യം. 2014ൽ നിന്ന് 2019ൽ ജനങ്ങളുടെ കണ്ണിൽ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. അതുണ്ടായത് സർക്കാരിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ടാണ്. ജനജീവിതം മെച്ചപ്പെട്ടു, ഇന്നവർക്ക് വലിയ സ്വപ്‌നങ്ങളുണ്ട്. രാജ്യത്തിൽ വലിയ പ്രതീക്ഷയുണ്ട്. 2024ൽ പ്രചാരണം നടത്തുമ്പോഴും ജനങ്ങളുടെ കണ്ണിൽ ആ നിശ്ചയദാർഢ്യമാണ് കാണുന്നത്. ഇതാണ് വികസിത ഇന്ത്യയിലേക്കുള്ള ഊർജ്ജം. അഴിമതി രഹിത ഇന്ത്യയാണിത്. ബിജെപി സർക്കാരിന് കീഴിൽ തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന് ജനങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സർക്കാരിന്റെ മൂന്നാം ഇന്നിംഗ്‌സിനായി വളരെ ആവേശത്തോടെയാണ് അവർ കാത്തിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനിടെ നിർണായകമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. വിവിധ മേഖലകൾ എടുത്ത് പരിശോധിക്കുകയാണെങ്കിൽ ഓരോന്നും ജനജീവിതത്തെ എപ്രകാരം സ്വാധീനിച്ചുവെന്ന് മനസിലാക്കാൻ സാധിക്കും. കോടിക്കണക്കിന് ആളുകൾക്ക് വീട്, കക്കൂസ്, വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകൾ, സൗജന്യ ചികിത്സ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രയോജനം ലഭ്യമാക്കി. സ്വന്തം കാലിൽ നിൽക്കാനുള്ള ശക്തി ഓരോ സ്ത്രീകൾക്കും നൽകി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.

Share
Leave a Comment