ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും സർക്കാർ രൂപീകരിക്കുന്നതിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ വികസനം കണ്ടാണ് രാജ്യത്തെ ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്, ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ ഗുണഫലം ഏറ്റവും കൂടുതൽ ലഭിച്ചത് സ്ത്രീകൾക്കും യുവാക്കൾക്കുമാണ്. ഇതിന്റെ പ്രതിഫലനമാണ്, വോട്ട് ചെയ്യാൻ എത്തിയ സ്ത്രീകളുടെയും യുവാക്കളുടെയും നീണ്ട ക്യൂ. സാധാരണ വാഗ്ദാനങ്ങൾ മാത്രം കേട്ട് ശീലിച്ചവരുടെ മുന്നിലേക്ക് ക്ഷേമ പദ്ധതികളെത്തുമ്പോൾ അവർ ആ സർക്കാരിന്റെ കൂടെ നിൽക്കും, അവരുടെ ഉദ്ദേശ ശുദ്ധി വ്യക്തമാണ്, അവർ പറഞ്ഞു.
10 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ നേരിൽ കണ്ട് മനസിലാക്കിയാണ് ഓരോരുത്തരും വോട്ട് ചെയ്യാനെത്തുന്നത്. വികസനം കണ്ടാണ് രാജ്യത്തെ ജനങ്ങൾ ബിജെപിയെ വീണ്ടും തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. അതാണ് മൂന്നാം തവണയും ബിജെപി ഭരണതുടർച്ച നേടാനുള്ള കാരണവും, നിർമ്മല സീതാരാമൻ വ്യക്തമാക്കി.