ഭ്രമയുഗത്തിന് ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രത്തിന് ആവേശകരമായ വരവേൽപ്പ് നൽകി പ്രേക്ഷകർ. പ്രേക്ഷക പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ആദ്യ വിലയിരുത്തൽ. ജോസ് എന്ന നായകനായി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ മമ്മൂട്ടി വീണ്ടും സ്ഥാനം പിടിച്ചിരിക്കുകയാണ്.
ചെറിയൊരു ഇടവേളക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം ഫാൻസ് ഷോക്കായി എത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ടർബോക്കുണ്ട്. മാസ് ആക്ഷൻ ചിത്രമാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സാങ്കേതികപരമായും ചിത്രം ഒരുപാട് മികവ് കാട്ടിയിട്ടുണ്ട്. മിഥുൻ മാനുവലിന്റെ രചനക്കും വൈശാഖിന്റെ സംവിധാനത്തിനും പ്രശംസകൾ ലഭിക്കുന്നുണ്ട്. ക്രിസ്റ്റഫർ സേവ്യറിന്റെ പശ്ചാത്തല സംഗീതവും മികച്ചതാണെന്നാണ് ആരാധകരുടെ അഭിപ്രായം.
മാസ് പ്രതീക്ഷിച്ച് വരുന്നവർക്ക് ഒരിക്കലും നിരാശപ്പെടാത്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിനായക വേഷത്തിലെത്തി രാജ് ബി ഷെട്ടി മമ്മൂട്ടിക്കൊപ്പം മികവ് പുലർത്തുന്നുണ്ട്. ആക്ഷനൊപ്പം എന്റർടെയ്ൻമെന്റിനും പ്രാധാന്യം നൽകി യുവാക്കളുടെ ഹൃദയങ്ങളിൽ ഇടം നേടുന്ന തരത്തിലാണ് മമ്മൂട്ടിയുടെ പ്രകടനം. ചെറിയ ഇഴച്ചിലുണ്ടെങ്കിലും മൊത്തത്തിൽ മാസ് മസാല പടമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ടർബോ ജോസ് എന്ന ജീപ്പ് ഡ്രൈവറിന്റെ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. 2 മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. 300ലധികം തീയറ്ററുകളിൽ കേരളത്തിൽ ടർബോ പ്രദർശനത്തിനെത്തിയത്.