കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിനെ 3 വർഷം കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. കോട്ടയം മൂന്നിലവ് വില്ലേജ് ഓഫീസിലെ ജീവനക്കാരനായിരുന്ന റെജി .ടിയെയാണ് ശിക്ഷിച്ചത്. ഇയാൾ 50,000 രൂപ പിഴയും ഒടുക്കണം. ഇല്ലെങ്കിൽ തടവ് കാലാവധി വർദ്ധിക്കും.
2020 ഓഗസ്റ്റ് 17-നായിരുന്നു സംഭവം. അപേക്ഷയോട് 5000 രൂപയാണ് ഇയാൾ വസ്തു പോക്കുവരവിന് ആവശ്യപ്പെട്ടത്. വിജിലൻസ് കോട്ടയം യൂണിറ്റ് ഡിവൈഎസ്പിയായിരുന്ന വിജി രവീന്ദ്രനാഥും സംഘവുമാണ് ഇയാളെ കെണിയൊരുക്കി പിടികൂടിയത്.
പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് കെകെ ഹാജരായി. പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കും. വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അഴിമതി വിവരങ്ങൾ നൽകാം.