ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ബാറുടമകളുടെ സംഘടന നേതാവ് അനിമോന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഓരോ ബാറുടമകളും 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദ്ദേശം. ഇടുക്കിയിലെ സംഘടന വൈസ് പ്രസിഡന്റാണ് അനിമോൻ.
‘ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും കൊടുക്കേണ്ടത് കൊടുക്കണം. ഇതുവരെ ഇടുക്കി ജില്ലയിൽ നിന്നും ഒരു ഹോട്ടൽ മാത്രമാണ് രണ്ടര ലക്ഷം തന്നത്. പലരും കൊടുക്കാമെന്നും ഗ്രൂപ്പായി കൊടുത്തിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ടെങ്കിലും ഒരിടത്തും കൊടുത്തിട്ടില്ല. മൂന്നിലൊന്നാണ് കളക്ഷൻ കിട്ടിയിരിക്കുന്നത്. നമ്മൾ കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ കഴിയുന്നവർ ഗ്രൂപ്പിൽ അറിയിക്കണം’- അനിമോൻ ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഇടുക്കിയിൽ സംഘടനയിലെ അംഗങ്ങളായ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം അയച്ചത്. സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശം അനുസരിച്ചാണ് പണപ്പിരിവെന്ന് അനിമോൻ ശബ്ദരേഖയിൽ പറയുന്നു. എന്നാൽ പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ നൽകുന്ന വിശദീകരണം.