ദൈവം എന്നെ ഇവിടേക്ക് അയച്ചത് ഒരു പ്രത്യേക ലക്ഷ്യത്തോടെ; വികസിത് ഭാരതമെന്ന ലക്ഷ്യം നേടാനായി കഠിനാധ്വാനം ചെയ്യുമെന്നും പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം നേടാൻ 24*7 എന്ന രീതിയിൽ  കഠിനാധ്വാനം ചെയ്യണമെന്നും, അതാണ് ദൈവത്തിന്റെ തീരുമാനമെന്ന് വിശ്വസിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ” ദൈവം എന്നെ ഒരു പ്രത്യേക ലക്ഷ്യം നേടുന്നതിനായി ഇവിടേക്ക് അയച്ചുവെന്നാണ് തോന്നിയിട്ടുള്ളത്. 2047ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം നേടുന്നതിന് വേണ്ടിയാണ് അദ്ദേഹം എന്നെ അയച്ചത്. ഏത് വഴിയിലൂടെ സഞ്ചരിക്കണമെന്നും അദ്ദേഹം എനിക്ക് മനസിലാക്കി തന്നു.

ഇതിനായുള്ള ഊർജ്ജവും അദ്ദേഹം തന്നെ എനിക്ക് നൽകുന്നു. 2047ഓടെ ആ ലക്ഷ്യത്തിലെത്തുമെന്ന് എനിക്ക് പൂർണ ആത്മവിശ്വാസമുണ്ട്. ആ ലക്ഷ്യം നേടുന്നത് വരെ ദൈവം എന്നെ തിരികെ വിളിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്ന ലക്ഷ്യം ഒരിക്കലും പാർട്ടിയുടേതല്ല, അത് ജനങ്ങളായി രൂപപ്പെടുത്തി എടുത്ത കാര്യമാണ്. മറ്റ് പാർട്ടികളിൽ നിന്ന് പോലും പിന്തുണ ലഭിക്കുന്നുണ്ട്. 95 ശതമാനം മാർക്ക് നേടിയ കുട്ടി അടുത്ത തവണ സ്വാഭാവികമായും ഉയർന്ന ലക്ഷ്യത്തിന് വേണ്ടി തന്നെ ആയിരിക്കും പ്രയത്‌നിക്കുന്നത്.

ബിജെപി ഒറ്റയ്‌ക്ക് 370 സീറ്റുകൾ സ്വന്തമാക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാജ്യത്തിന്റെ ഐക്യത്തെയാണ് വെളിപ്പെടുത്തുന്നത്. അതിൽ നിന്ന് തന്നെയാണ് 370 സീറ്റുകൾ നേടുമെന്ന ലക്ഷ്യം രൂപപ്പെടുത്തുന്നതും. ജനങ്ങളുടെ മനസില്‍ സ്ഥാനം ഊട്ടി ഉറപ്പിച്ച് കൊണ്ടാകും ബിജെപി ഈ നേട്ടം സ്വന്തമാക്കുന്നത്‌.  പ്രതിപക്ഷത്തിന് എല്ലായ്‌പ്പോഴും പരാജയഭീതിയാണ്. ആദ്യ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പരാജയഭീതി അവർ അറിഞ്ഞിരിക്കുന്നു. ആ നിമിഷം മുതൽ അവർ ഇവിഎമ്മുകളെ കുറ്റപ്പെടുത്താൻ തുടങ്ങി. മൂന്നാം ഘട്ടം അവസാനിക്കുന്നത് വരെ ഇവിഎം ചിത്രത്തിലേ ഇല്ലായിരുന്നു.

രാജ്യത്തിന്റെ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനാണ് അവരുടെ ശ്രമം. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുവെന്ന ആരോപണം പോലും സ്വന്തം കഴിവുകേടുകളെ മറയ്‌ക്കുന്നതിന് വേണ്ടിയാണ്. 2200 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്. അതുകൊണ്ട് തന്നെ അവരെ ബഹുമാനിക്കണം. പണം ഞങ്ങളുടോതാണെന്ന് പറഞ്ഞ് പ്രതിപക്ഷം കരഞ്ഞുകൊണ്ടിരിക്കുകയാണ്. യുപിഎ ഭരണത്തിൽ 10 വർഷം കൊണ്ട് 34 ലക്ഷം രൂപ മാത്രമാണ് പിടിച്ചെടുത്തത്. ഇഡി ചെയ്യേണ്ടുന്ന കാര്യങ്ങൾ മാത്രമാണ് അവർ ചെയ്യുന്നതെന്നും” പ്രധാനമന്ത്രി പറഞ്ഞു.

Share
Leave a Comment