2.5 ലക്ഷം രൂപ പിരിക്കുന്നത് കെട്ടിട നിർമാണത്തിന്; കോഴ ആരോപണം ​ഗൂഢാലോചനയുടെ ഭാ​ഗം; അനിമോനെ സസ്പെൻഡ് ചെയ്തിരുന്നു: വി. സുനിൽകുമാർ

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്‌ക്ക് കളമൊരുങ്ങുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബാർ അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ. പണം പിരിക്കുന്നത് കെട്ടിട നിർമ്മാണത്തിനെന്ന് അദ്ദേഹം പറഞ്ഞു. കോഴ ആരോപണം ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നാണ് സുനിൽ കുമാർ ആരോപിക്കുന്നത്.

ഓരോ ബാറുടമകളിൽ നിന്നും 2.5 ലക്ഷം രൂപ പിരിക്കുന്നത് കെട്ടിട നിർമ്മാണ ഫണ്ടിനായെന്നും ഇത് വായ്പ ആയിട്ടാണ് വാങ്ങുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അനിമോൻ ഉൾപ്പടെ ചിലർ‌ സംഘടനയ്‌ക്കെതിരായി പ്രവർത്തിക്കുന്നുവെന്നും ബാറുടമകൾ പിരിവ് നൽകണമെന്ന നിർദ്ദേശം നിഷേധിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

അനിമോൻ വേറെ സംഘടനയുണ്ടാക്കാൻ ശ്രമം നടത്തി. ഇയാളെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ടയാൾക്ക് എന്തും പറയാം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആർക്കാണ് ഫണ്ട് കൊടുക്കുന്നത്? ഞങ്ങളോട് ആരും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടിട്ടില്ല. ഒരാവശ്യത്തിനും സർക്കാർ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പരാതിയും ആരോപണവും ​ഗൂഢാലോചനയുടെ ഭാ​ഗമായാണ്. പിരിവ് നടക്കുന്നത് സംബന്ധിച്ച് സർക്കാരിലേക്ക് പരാതി എത്തിയെന്നും സുനിൽ കുമാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് മദ്യനയം ബാർ മുതലാളിമാർക്ക് അനുകൂലമായി മാറ്റുന്നതിന് ഓരോ ബാറുടമകളും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ശബ്ദരേഖ പുറത്തുവന്നത്. ബാറുടമകളുടെ സംഘടനയായ ഫെ‍ഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനാണ് ശബ്ദരേഖയിൽ പണം ആവശ്യപ്പെടുന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമായി രണ്ടര ലക്ഷം രൂപ പിരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടെന്നും ശബ്​ദ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുനിൽ കുമാറിന്റെ വിശദീകരണം.

Share
Leave a Comment