ചെന്നൈ: യൂട്യൂബ് ചാനലുകളുടെ കാര്യത്തിൽ സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ചില യൂട്യൂബ് ചാനലുകൾ സാമൂഹിക വിപത്തായി മാറുകയാണ്. വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രം അപകീർത്തികരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിൽ സർക്കാർ ഇടപെടേണ്ട സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി. യൂട്യൂബ് ചാനൽ ഉടമയായ സാവാകു ശേഖർ, മാദ്ധ്യമ പ്രവർത്തകൻ ജി. ഫെലിക്സ് ജെറാൾഡ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ സുപ്രധാന നിരീക്ഷണം.
അഭിമുഖത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോയമ്പത്തൂർ സൈബർ ക്രൈം സെല്ലാണ് പരാതി നൽകിയത്. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമം 1988 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഇരുവരും തമ്മിലുള്ള അഭിമുഖത്തെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. ” അഭിമുഖം നൽകുന്നയാൾ ഒരു പ്രത്യേക രീതിയിൽ ഉത്തരം നൽകുമെന്ന് അറിഞ്ഞുകൊണ്ട് ചോദ്യം ചോദിക്കുന്നു, ഇതിനെയാണോ നിങ്ങൾ അഭിമുഖം എന്ന് വിളിക്കുന്നത്”, കോടതി ചോദിച്ചു.
സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ ശങ്കറിനെ പ്രേരിപ്പിച്ചത് ജെറാൾഡാണെന്നും അതിനാൽ അദ്ദേഹത്തെ ഒന്നാം പ്രതിയാക്കണമായിരുന്നുവെന്നും കോടതി ഊന്നിപ്പറഞ്ഞു. യൂട്യൂബ് ചാനലുകളുടെ വ്യാപനത്തെക്കുറിച്ച് ജസ്റ്റിസ് കെ. കുമാരേഷ് ബാബു കടുത്ത ഉത്കണ്ഠയാണ് രേഖപ്പെടുത്തിയത്.