ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർദിക് പാണ്ഡ്യക്ക് ഇത് അത്ര നല്ല കാലമല്ല. ഐപിഎല്ലിൽ ആദ്യം പുറത്തായത് ഹാർദിക് നയിച്ച മുംബൈ ഇന്ത്യൻസായിരുന്നു. ഇപ്പോൾ ഹാർദിക്കിന്റെ കുടുംബ ജീവിതവും അത്ര സുഖകരമല്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭാര്യയും സെർബിയൻ നടിയുമായ നടാഷ സ്റ്റാൻകോവിച്ച് സോഷ്യൽ മീഡിയ യുസർ നെയിമിൽ നിന്ന് പാണ്ഡ്യയെ ഒഴിവാക്കിയതാണ് സംശയസത്തിന് കാരണം.
കൂടാതെ നടാഷയെ ഐപിഎല്ലിലെ ഒരു മത്സരത്തിലും ഗ്യാലറിയിൽ കണ്ടിരുന്നുമില്ല. ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ സ്റ്റോറികളോ പങ്കുവച്ചിട്ടും കുറച്ചധികം നാളുകളായെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. മകനൊപ്പം നിൽക്കുന്നതൊഴികെയുള്ള ഹർദിക്കിനൊപ്പമുള്ള ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
മാർച്ച് നാലിന് നടാഷയുടെ ജന്മദിനത്തിന് ഹാർദിക് ഒന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരുന്നതും സംശയങ്ങൾ ബലപ്പെടുത്തുന്നു. ദമ്പതികൾക്ക് അഗസ്ത്യ എന്നുപേരുള്ള ഒരു മകനാളുള്ളത്. നിലവിൽ അമ്മയ്ക്കൊപ്പമാണ് മകൻ. 2020 മേയിലാണ് ഇരുവരും വിവാഹിതരാകുന്നത്. ജുലൈയിൽ ആദ്യ കുഞ്ഞിനെയും ദമ്പതികൾ വരവേറ്റു. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഇരുവരും പ്രതികരിച്ചിട്ടില്ല.