മലയാളികളെ കുടുകുട ചിരിപ്പിച്ച് തിയേറ്ററിൽ കത്തിക്കയറുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. അടുത്തിടെയിറങ്ങിയ മലയാളി സിനിമകൾ ഒന്നിനൊന്ന് മെച്ചമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വിപിൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ഗുരുവായൂരമ്പല നടയിൽ പ്രേക്ഷകർക്കിടയിലെത്തുന്നത്. പൃഥ്വിരാജ് പ്രധാന വേഷത്തിൽ കൂടി എത്തിയപ്പോൾ സിനിമയുടെ പ്രേക്ഷകപ്രീതി വർദ്ധിച്ചു.
ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ടർബോയെ പിന്തള്ളി ഗുരുവായൂരമ്പല നടയിൽ കളക്ഷനിൽ കുതിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിൽ നിന്ന് ഇന്നലെ മാത്രം 1.64 കോടിയാണ് ചിത്രം നേടിയത്. ആഗോള ബോക്സോഫീസിൽ 54 കോടി കഴിഞ്ഞിരിക്കുകയാണ്.
കുടുംബ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. റിലീസിനെത്തിയ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ചെറിയൊരു പ്രമേയത്തെ സംഭവ ബഹുലമാക്കി പ്രേക്ഷകരുടെ മുന്നിലെത്തിച്ച വിപിൻ ദാസിനെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.
പൃഥ്വിരാജിന്റെ സഹോദരിയായും ഭാര്യയായും അളിയനായുമൊക്കെ യുവതാരങ്ങൾ കൂടി അണിനിരന്നപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തു. അഡ്വാൻസ് ബുക്കിംഗിലും വൻ തുകയാണ് ചിത്രത്തിന് ലഭിച്ചത്. മലയാളത്തിൽ ഈ വർഷം ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഹൗസ്ഫുൾ ഷോകൾ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ.