അയോദ്ധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തി ; രാമനഗരിയിൽ ഒരുങ്ങുന്നത് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള രാമകഥ മ്യൂസിയം

Published by
Janam Web Desk

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തി . വെള്ളിയാഴ്ച ചേർന്ന രാം മന്ദിർ ട്രസ്റ്റിന്റെയും അഡ്മിനിസ്‌ട്രേഷന്റെയും യോഗത്തിലാണ് തീരുമാനം.സാധാരണ ഭക്തർ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു. ഇപ്പോൾ വിഐപികൾക്കും വിവിഐപികൾക്കും മൊബൈൽ ഫോൺ നിരോധിച്ചിരിക്കുകയാണ്. .

പരിസരത്ത് മൊബൈൽ ഫോണുകൾ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ട്രസ്റ്റ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് മൊബൈൽ ഫോണുകൾ നിരോധിച്ചിരിക്കുന്നത്. പ്രാണ പ്രതിഷ്ഠ മുതൽ രാമക്ഷേത്രത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഭക്തർ മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നുണ്ടായിരുന്നു .

തുടർന്ന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സാധാരണ ഭക്തർ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് വിലക്കുകയും ചെയ്തു. അതിനിടെ, ട്രസ്റ്റ് ദർശനത്തിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ആരംഭിച്ചു. ഇത് പ്രകാരം പ്രത്യേക പാസുള്ളവർക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുമതി നൽകും. കൂടാതെ, വിഐപികൾക്കും വിവിഐപികൾക്കും മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നതിൽ ഇളവ് ഉണ്ടായിരുന്നു.

എന്നാൽ, ഇപ്പോൾ ഇതും പൂർണ്ണമായും നിരോധിച്ചു . ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോണുകൾ കൊണ്ടു പോകുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതായി രാമക്ഷേത്ര ട്രസ്റ്റി ഡോ. അനിൽ മിശ്ര പറയുന്നു. ദർശന ക്യൂവിൽ തന്നെ ആളുകൾ ഫോട്ടോയും സെൽഫിയും എടുക്കാൻ തുടങ്ങി. ഇത് ശരിയല്ലെന്ന് തോന്നി. മുമ്പത്തെപ്പോലെ, എളുപ്പവും നിർദ്ദിഷ്ടവുമായ ദർശന സംവിധാനം നിലനിൽക്കും, എന്നാൽ മൊബൈൽ ഫോണുകൾക്ക് നിരോധനം ഉണ്ടാകും.- അനിൽ മിശ്ര പറയുന്നു.

അതേസമയം 2024 ഡിസംബറിനുള്ളിൽ മുഴുവൻ ക്ഷേത്രനിർമ്മാണവും പൂർത്തിയാക്കാനാണ് തീരുമാനം. രാമകഥ മ്യൂസിയത്തിന്റെ വിപുലീകരണ പദ്ധതി വിദഗ്ധ ഏജൻസികളുമായി ചർച്ച ചെയ്ത് അന്താരാഷ്‌ട്ര നിലവാരത്തിൽ നടപ്പാക്കുമെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഒന്നാം നിലയുടെ നിർമാണം പൂർത്തിയാക്കിയ ശേഷമായിരിക്കും രാം ദർബാർ സ്ഥാപിക്കുക. വാസുദേവ് ​​കാമത്താണ് അതിലെ ശില്പങ്ങൾ ഒരുക്കുന്നത്.

Share
Leave a Comment