കാൻ: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ കയ്യടി നേടി ഛായാഗ്രാഹകൻ സന്തോഷ് ശിവൻ. ഛായാഗ്രഹണത്തിലെ പിയറി ആൻജെനിയക്സ് എക്സൽലെൻസ് പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. നടി പ്രീതി സിൻ്റയാണ് പുരസ്കാരം സമ്മാനിച്ചത്. ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.
തന്റെ സുഹൃത്തു കൂടിയായ പ്രീതി സിന്റെയുടെ കൈകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങിയ ശേഷം ആമിർ ഖാൻ അഭിനയിച്ച ‘റാഖ്’ (1989) എന്ന സിനിമയിൽ ആൻജെനിയക്സ് ലെൻസുകൾ ഉപയോഗിച്ചതടക്കമുള്ള തന്റെ ചലച്ചിത്ര യാത്രയെ കുറിച്ച് സന്തോഷ് ശിവൻ മനസ് തുറന്നു. 1998-ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ റൊമാൻ്റിക് ചിത്രം ‘ദിൽ സേ’യിലാണ് പ്രീതി സിന്റെയും സന്തോഷ് ശിവനും ആദ്യമായി ഒരുമിക്കുന്നത്.
കാൻ ഫിലിം ഫെസ്റ്റിവലിൽ ഭാരതത്തിന്റെ, കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സന്തോഷ് ശിവൻ. കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു പ്രമുഖ അന്തർദേശീയ ഫോട്ടോഗ്രാഫി ഡയറക്ടറെ ആദരിക്കുന്ന അവാർഡാണ് ഛായാഗ്രഹണത്തിലെ പിയറി ആൻജെനിയക്സ് എക്സൽലെൻസ് പുരസ്കാരം. 2013-ലാണ് ഈ പുരസ്കാരം ആരംഭിച്ചത്. റെട്രോഫോക്കസ് സൂം മെക്കാനിസം കണ്ടുപിടിച്ച, ഹൈ-എൻഡ് സൂം ലെൻസുകളുടെ നിർമ്മാതാവുമായ Pierre Angénieux- ൽ നിന്നാണ് ഈ പേര് വന്നത്.