കച്ചവടസ്ഥാപനത്തിന്റെ കാഴ്ച മറയ്‌ക്കുന്നു, റോഡരികിലെ മരങ്ങൾ മുറിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളി ഹൈക്കോടതി, പൊതുമരാമത്ത് വകുപ്പിന് വിമർശനം

Published by
Janam Web Desk

കൊച്ചി: കേവലം വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി റോഡരികിൽ നിൽക്കുന്ന മരങ്ങൾ മുറിക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. പാലക്കാട്-പൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്ന വാണിജ്യ സ്ഥാപനത്തിന്റെ കാഴ്ച മറയ്‌ക്കുന്ന രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിനുള്ള അനുമതി വനംവകുപ്പ് നിഷേധിച്ചു. വനംവകുപ്പിന്റെ ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവെത്തിയത്.

പൊതുജനത്തിന്റെ ജീവന് ഭീഷണിയാകുകയോ അപകടകരമായ നിലയിൽ കേടുപാടുകൾ സംഭവിച്ചിരിക്കുകയോ ചെയ്താൽ മാത്രമേ റോഡരികിലെ മരങ്ങൾ മുറിക്കാൻ പാടുള്ളൂവെന്ന് കോടതി പറഞ്ഞു. സർക്കാർ ഭൂമിയിൽ വളരുന്ന സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനായി 2010 ലെ സർക്കാർ ഉത്തരവ് അനുസരിച്ച് രൂപീകരിച്ച സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഇതിനനുസരിച്ച് ചീഫ് സെക്രട്ടറി ഉത്തരവുകൾ പുറപ്പെടുവിക്കണം. മതിയായ കാരണങ്ങൾ ഇല്ലാതെ പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു.

മരങ്ങൾ മുറിക്കണമെന്ന ആവശ്യവുമായി ഹർജിക്കാരൻ ആദ്യം പൊതുമരാമത്ത് വകുപ്പിനെയാണ് സമീപിച്ചത്. ഇത് അംഗീകരിച്ച പൊതുമരാമത്ത് വകുപ്പ് അപേക്ഷ വനം വകുപ്പിന് അയക്കുകയായിരുന്നു. എന്നാൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ മരങ്ങൾ അപകടാവസ്ഥയിൽ അല്ലെന്നും മരങ്ങൾ മുറിക്കുന്നതിനെ നാട്ടുകാർ തന്നെ എതിർക്കുന്നുണ്ടെന്നും മനസിലാക്കി. ഇതിനെത്തുടർന്ന് മരങ്ങൾ മുറിക്കാൻ സാധിക്കില്ലെന്ന തീരുമാനം എടുക്കുകയായിരുന്നു. ഹർജിക്കാരന് അനുകൂലമായി നടപടിയെടുത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം അതിശയിപ്പിക്കുന്നതാണെന്നും കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Share
Leave a Comment