2024-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഛായാഗ്രഹണത്തിലെ പിയറി ആൻജെനിയക്സ് എക്സലൻസ് പുരസ്കാരം സ്വന്തമാക്കിയ സന്തോഷ് ശിവന് ആശംസകളുമായി നടൻ സുരേഷ് ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ആശംസകൾ അറിയിച്ചത്. സന്തോഷ് ശിവൻ പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം അഭിനന്ദിച്ചത്. എന്റെ പ്രീയപ്പെട്ട സന്തോഷ് ശിവന് അഭിനന്ദനങ്ങൾ എന്ന് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.
നിറഞ്ഞ സദസിൽ നിന്നിരുന്ന പ്രമുഖരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സന്തോഷ് ശിവൻ പുരസ്കാരം ഏറ്റുവാങ്ങിയത്. നടി പ്രീതി സിന്റയാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്. ഛായാഗ്രഹണ കലയിലെ അസാധാരണമായ സംഭാവനകൾക്കാണ് സന്തോഷ് ശിവനെ ആദരിച്ചത്. ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഏഷ്യക്കാരൻ കൂടിയാണ് അദ്ദേഹം.
പുരസ്കാരം സ്വന്തമാക്കികൊണ്ട് ഭാരതത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് സന്തോഷ് ശിവൻ. കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു പ്രമുഖ അന്തർദേശീയ ഫോട്ടോഗ്രാഫി ഡയറക്ടറെ ആദരിക്കുന്ന അവാർഡാണ് ഛായാഗ്രഹണത്തിലെ പിയറി ആൻജെനിയക്സ് എക്സലൻസ് പുരസ്കാരം. 2013 ലാണ് പുരസ്കാര വിതരണം ആരംഭിച്ചത്.















