ബം​ഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; റിമൽ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ജാ​ഗ്രതാ നിർദേശം

Published by
Janam Web Desk

കൊൽക്കത്ത: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം റിമൽ ചുഴലിക്കാറ്റായി മാറിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് ശക്തമായി വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കൊൽക്കത്ത വിമാനത്താവളം ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷമുള്ള വിമാനസർവീസുകൾ നിർത്തിവയ്‌ക്കും. ശ്യാമ പ്രസാദ് മുഖർജി തുറമുഖത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തിവയ്‌ക്കുമെന്നും അധികൃതർ അറിയിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും ബം​ഗാളിലെ പർഗാനാസ്, പുർബ മേദിനിപൂർ, കൊൽക്കത്ത, ഹൗറ, ഹൂഗ്ലി തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിച്ചുണ്ട്. റിമൽ കാറ്റ് ഒഡിഷയെയും ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

അർദ്ധരാത്രിയോടെ റിമൽ ചുഴലിക്കാറ്റ് ബം​ഗ്ലാദേശ്- പശ്ചിമ ബം​ഗാൾ തീരത്ത് സാ​ഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Share
Leave a Comment