ന്യൂഡൽഹി: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ റോഡിൽ സ്ഥാപിച്ച മൂന്ന് ഐഇഡികൾ നിർവീര്യമാക്കി സൈന്യം. നോങ്ദാം, ഇത്താം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന 46 കിലോമീറ്റർ ദൈർഘ്യമുളള റോഡിലാണ് ഐഇഡികൾ സ്ഥാപിച്ചിരുന്നത്. മാഫൂ അണക്കെട്ടിന്റെ സമീപമാണ് ഈ പ്രദേശം.
പതിവ് പരിശോധനയ്ക്കും നിരീക്ഷണത്തിനും ഇടയിലാണ് ഐഇഡികൾ സൈന്യത്തിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ സൈന്യം പ്രദേശം വളയുകയും ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് മൂന്ന് ബോംബുകളും നിർവീര്യമാക്കി.
രണ്ട് കിലോ ഭാരം വരുന്ന രണ്ട് ബോംബുകളും അഞ്ച് കിലോയോളം വരുന്ന മറ്റൊരു ബോംബുമാണ് കണ്ടെത്തിയത്. ഇലക്ട്രോണിക് ഡിറ്റണേറ്ററുകളും ബോംബ് സ്ഫോടനം നടത്താൻ സഹായിക്കുന്ന സംവിധാനങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശവാസികളുടെ ജീവൻ കൂടിയാണ് സൈന്യത്തിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപെടുത്തിയത്.
മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ സൈന്യം പുലർത്തുന്ന ജാഗ്രതയ്ക്ക് തെളിവാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവമെന്ന് വിലയിരുത്തപ്പെടുന്നു. ഐഇഡി സ്ഥാപിച്ചതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോത്ര വിഭാഗങ്ങൾ തമ്മിലുളള കലാപം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ട് ആരെങ്കിലും സ്ഥാപിച്ചതാണോ എന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ അന്വേഷിക്കും.