ഇന്ത്യയുടെ സൈബർ സുരക്ഷ തകർക്കണം; സുപ്രധാന വെബ്സൈറ്റുകൾ കയ്യടക്കാൻ ശ്രമിച്ച് പാകിസ്താനി ഹാക്കർമാർ

Published by
Janam Web Desk

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന വെബ്സൈറ്റുകൾ കേന്ദ്രീകരിച്ച് സൈബർ ആക്രമണങ്ങൾ നടത്താൻ പാക് സംഘടനകൾ ശ്രമം തുടരുന്നതായി റിപ്പോർട്ട്. പാകിസ്താനിലെ ട്രാൻസ്പരൻ്റ് ട്രൈബാണ് സൈബർ ആക്രമണത്തിന് പിന്നിൽ. കേന്ദ്രസർക്കാരിന്റെയും സൈനിക കേന്ദ്രങ്ങളുടേയും പ്രധാന വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബ്ലാക്ക്ബെറി റിസർച്ച് & ഇന്റലിജൻസ് ടീം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പൈത്തൺ, ​ഗോലാം​ഗ്, റസ്റ്റ് തുടങ്ങിയ പ്രോ​ഗ്രാമിം​ഗ് ഭാഷകളാണ് ഇതിനായി ഹാക്ക‍ർമാർ ഉപയോ​ഗിക്കുന്നത്. ജനപ്രിയ ആപ്പുകളായ ടെലഗ്രാം, ഡിസ്കോർഡ്, സ്ലാക്ക്, ​ഗൂ​ഗിൾ ഡ്രൈവ് തുടങ്ങിയ മുഖേനയും സൈബറാക്രമണം നടത്താൻ പാകിസ്താനി ഭീകര‍ർ പദ്ധതിയിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

2023 ഏപ്രിൽ മുതലാണ് ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്താനി സംഘടനകൾ ശക്തമായ ശ്രമം തുടങ്ങിയത്. അത് ഇപ്പോഴും തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു ​ഗ്രൂപ്പ് ഇന്ത്യൻ സർക്കാരിനെ കേന്ദ്രീകരിച്ച് മൂന്ന് വ്യത്യസ്ത കാമ്പയിനുകൾക്കും തുടക്കമിട്ടിട്ടുണ്ട്. ​ഗ്ലോബൽ സൈബർ സെക്യൂരിറ്റി സൊലൂഷ്യൻസ് പ്രൊവൈഡറായ ക്വിക്ക് ഹീൽ ടെക്നോളജീസ് ലിമിറ്റഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് സൈബറാക്രമണം നടത്താൻ സംഘം ശ്രമങ്ങൾ നടത്തുന്നുവെന്നാണ് കണ്ടെത്തൽ. ഇന്ത്യയുടെ വിദ്യാഭ്യാസ, പ്രതിരോധ മേഖലകളിലെ വിവരങ്ങൾ ചോർത്താൻ സംഘം നേരത്തെയും ശ്രമങ്ങൾ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Share
Leave a Comment