എറണാകുളം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് സസ്പെൻഡ് ചെയ്തത്. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സബുവും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമാണ് വിരുന്നിൽ പങ്കെടുത്തത്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് ഉദ്യോഗസ്ഥർ വിരുന്നിനെത്തിയത്.
സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ വ്യക്തമായൊരു മറുപടി നൽകാൻ ഡിവൈഎസ്പിയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും സാധിച്ചിട്ടില്ല. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പി ആണെന്നാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പറയുന്നത്. സിനിമാ നടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ നേരെ മലക്കം മറിയുന്ന പ്രതികരണമാണ് ഡിവൈഎസ്പിയുടേത്. പൊലീസ് ഉദ്യോഗസ്ഥരാണ് തന്നെ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്പി സാബു മൊഴി നൽകിയത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈഎസ്പിയ്ക്കും പൊലീസുകാർക്കുമെതിരെ വകുപ്പുതല നടപടികളുണ്ടാകുമെന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം റിപ്പോർട്ട് ഐജിക്ക് കൈമാറും.
ഗൂഡല്ലൂരിൽ പോയി മടങ്ങി വരുന്ന വഴിയാണ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് ഉദ്യോഗസ്ഥരും തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഇതിനിടയിലേക്ക് അപ്രതീക്ഷിതമായാണ് അങ്കമാലി പൊലീസ് എത്തിയത്.