ന്യൂഡൽഹി: ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് വൻകിട സ്വകാര്യ ബാങ്കുകൾക്ക് പിഴയിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് 91 ലക്ഷവും പിഴയിട്ടതായി ആർബിഐ അറിയിച്ചു. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക വർഷം 2022 മാർച്ച് 31 വരെയുള്ള ഇടപാടുകൾ പരിശോധിച്ചതിൽ നിന്നാണ് ആർബിഐയുടെ നടപടി.
വായ്പകൾ നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് ICICI ബാങ്കിനെതിരെ നടപടിയെടുത്തത്. കസ്റ്റമർ സർവീസിൽ വീഴ്ച വരുത്തിയതിനും ഓഫീസ് അക്കൗണ്ടുകളുടെ പ്രവർത്തനത്തിൽ അനധികൃത നീക്കങ്ങൾ കൈക്കൊണ്ടതിനുമാണ് Yes Bankനെതിരെ നടപടി. ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുമ്പോൾ സെൻട്രൽ ബാങ്ക് നിർദേശിക്കുന്ന ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതിനും മറ്റ് ബാങ്കുകൾക്ക് മുന്നറിയിപ്പ് എന്ന രീതിയിലുമാണ് വലിയ തുക പിഴയായി ഈടാക്കുന്നത്.
നേരത്തെയും പലതവണ ഐസിഐസിഐ ബാങ്കിനെതിരെ ആർബിഐ നടപടി സ്വീകരിച്ചിട്ടുണ്ട്. വായ്പാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനും കടപത്ര വിൽപനയിൽ വീഴ്ച വരുത്തിയപ്പോഴുമാണ് പിഴയിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ 12.19 കോടി രൂപയും 2018ൽ 58.9 കോടി രൂപയും ഐസിഐസിഐ ബാങ്കിനെതിരെ ആർബിഐ പിഴ ചുമത്തിയിരുന്നു.