മലയാളിയുടെ തീൻമേശ കീഴടക്കിയ അറേബ്യൻ വിഭവങ്ങളാണ് കുഴമന്തിയും ഷവർമയുമൊക്കെ. ഇതിനൊപ്പം കൂടിയതാണ് മയോണൈസും. മിക്കയിടത്തും ഈ മോണൈസിന്റെ പേരിൽ കുത്തും കൊലയും വരെ നടന്നിട്ടുണ്ടെങ്കിലും ഇവയുടെ അപകടം എത്രത്തോളമുണ്ടെന്ന് വാസ്തവത്തിൽ നാം തിരിച്ചറിഞ്ഞിട്ടില്ല. മയോണൈസ് എന്ന കൊലയാളിയുടെ ഒടുവിലത്തെ ഇരയാണ് തൃശൂർ കുറ്റിക്കടവ് സ്വദേശിനി ഉസൈബ. 56-കാരിയുടെ മരണവാർത്തയുടെ ഞെട്ടലിലാണ് ഇന്ന് കേരളം ഉണർന്നത്.
കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് ഉസൈബയുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക വിവരം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കൊടുംവിഷം ആകുന്ന ഒന്നാണ് മയോണൈസ്. എണ്ണ, മുട്ടവെള്ള, അസിഡിറ്റിയുള്ള ദ്രാവകങ്ങളായ നാരങ്ങാനീര്, വിനാഗിരി എന്നിവയാണ് മയോണൈസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.
മുട്ടയുടെ വെള്ളയിൽ വെജിറ്റബിൽ ഓയിലും സോയാബീൻ ഓയിലും ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. ചിലപ്പോൾ ഇതിൽ മഞ്ഞയും ചേർക്കും. 80 ശതമാനം ഇത്തരം ഓയിലും 10 ശതമാനം മുട്ടയുമാണ് കണക്ക്. ഇതിൽ 3-4 ശതമാനം വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുന്നു. അൽപം ഉപ്പും അൽപം പഞ്ചസാരയും ചേർക്കുന്നു. ഇതൊന്നും തന്നെ വേവിയ്‌ക്കാതെയാണ് ഉണ്ടാക്കുന്നത്. ശരിയായ രീതിയിൽ തയ്യാറാക്കാതിരിക്കുമ്പോഴാണ് പലപ്പോഴും മയോണൈസ് വില്ലനാകുന്നത്.
ഫ്രഷായി മയോണൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിൻ ഇ, കെ തുടങ്ങിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. മുട്ടയിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും സമ്മർദ്ദത്തെ ചെറുക്കുന്നതിനും ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ സഹായിക്കുന്നു.
എന്നാൽ വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്തതും ഒരുപാട് സമയം തുറന്നുവച്ചതിന് ശേഷവും മയോണൈസ് കഴിച്ചാൽ ആരോഗ്യത്തിന് നേർവിപരീതമായി ദോഷം ചെയ്യും. പച്ചമുട്ടയിലെ സാൽമോണല്ല ബാക്ടീരിയകളാണ് പ്രധാന വെല്ലുവിളി സൃഷ്ടിക്കുന്നത്. വായുവിൽ തുറന്ന് ഇരിക്കുന്തോറും ബാക്ടീരിയയുടെ എണ്ണം കൂടും. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയവയ്‌ക്ക് കാരണമാകും. ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. രക്തസമ്മർദ്ദം വർദ്ധിക്കാനും ഹൃദയാരോഗ്യത്തെ ബാധിക്കാനും മയോണൈസിന് കഴിയും.
മയോണൈസിൽ കലോറിയും കൂടുതലാണ്. പുറം നാടുകളിൽ ഇപ്പോഴും ഒലീവ് ഓയിലും സോയാബീൻ ഓയിലും ഉപയോഗിക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇതുണ്ടാക്കുന്നത് കൊഴുപ്പേറിയ സൺഫ്ലവർ ഓയിൽ ഉപയോഗിച്ചാണ്. മറ്റ് എണ്ണകളുടെ ഉയർന്ന വിലയാണ് ഇതിന് പിന്നിൽ. വിനാഗിരിയും നാരങ്ങാനീരും കൃത്യമായി ചേർത്തില്ലെങ്കിലും പണി കിട്ടും. പച്ചമുട്ട ചെറുതായി വേവിച്ച ശേഷം മയോണൈസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്. രണ്ട് മണിക്കൂർ നേരം മാത്രമേ മയോണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാവൂ എന്നാണ് വിദഗ്ദർ പറയുന്നത്.