ന്യൂഡൽഹി : ഇസ്രായേൽ ദേശീയ ദിനാഘോഷത്തിൽ മലയാളി കെയർ വർക്കേഴ്സിന് ആദരവ് .ഹമാസ് നടത്തിയ ആക്രമണത്തിൽ ജീവൻ പണയപ്പെടുത്തി വൃദ്ധദമ്പതികളെ രക്ഷിച്ച കണ്ണൂർ കീഴപ്പള്ളി സ്വദേശിനി സബിത, കോട്ടയം പെരുവ സ്വദേശിനി മീര എന്നിവരെ ഇന്ത്യൻ സൂപ്പർ വുമൺ എന്ന് അഭിസംബോധന ചെയ്താണ് ഇസ്രായേൽ ആദരിച്ചത്.
“ഇന്ത്യൻ വംശജരുടെ വീരപ്രവൃത്തിയെ അഭിവാദ്യം ചെയ്യാനാണ് ഞാൻ ഈ അവസരമൊരുക്കുന്നത് . വയോധികരെ രക്ഷിച്ച കേരളത്തിൽ നിന്നുള്ള പരിചാരകരായ മീരയും സബിതയും. ഇസ്രായേൽ ജനതയെ മുഴുവൻ പ്രചോദിപ്പിക്കുന്നു, ”ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോൺ പറഞ്ഞു.
ഇന്ത്യയിലെ ഇസ്രായേൽ എംബസിയാണ് ഇസ്രായേലിന്റെ ദേശീയ ദിനം സംഘടിപ്പിച്ചത്. ചടങ്ങിൽ മുഖ്യാതിഥിയായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പങ്കെടുത്തു. ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗിന്റെ പ്രത്യേക വീഡിയോ സന്ദേശത്തോടൊപ്പം ഇന്ത്യയുടെയും ഇസ്രായേലിന്റെയും ദേശീയ ഗാനങ്ങളും ആലപിച്ചു.
കെയര്‍ വര്‍ക്കേഴ്‌സായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന മീരയും സബിതയുമാണ് ഹമാസ് സംഘത്തിന് മുന്നില്‍ നിന്ന് വൃദ്ധദമ്പതിമാരെ ജീവിതത്തിലേക്ക് തിരികെവിളിച്ചത്. ഹമാസ് വീട് വളഞ്ഞെന്ന് അറിഞ്ഞതോടെ നാലുപേരും വീട്ടിലെ സുരക്ഷാ റൂമില്‍ ഒളിക്കുകയായിരുന്നു.
ഹമാസ് സംഘാംഗങ്ങള്‍ ഈ റൂമിന്റെ ഇരുമ്പുവാതില്‍ വെടിവെച്ച് തകര്‍ക്കാനും തള്ളിത്തുറക്കാനും ശ്രമിച്ചെങ്കിലും മീരയും സബിതയും മണിക്കൂറുകളോളം വാതില്‍ അടച്ചുപിടിക്കുകയായിരുന്നു. കൊല്ലാനായില്ലെങ്കിലും സകലതും ഹമാസ് സംഘം എടുത്തുകൊണ്ടുപോയിരുന്നു. കൊണ്ടുപോകാന്‍ കഴിയാത്തത് നശിപ്പിച്ചു. മീരയുടെ പാസ്‌പോര്‍ട്ട് വരെ എടുത്തു. എമര്‍ജന്‍സി ബാഗും സ്വര്‍ണവും പണവുമെല്ലാം അവര്‍ കൊണ്ടുപോയിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇസ്രയേല്‍-ഗാസ അതിര്‍ത്തിയിലെ കിബൂറ്റ്‌സിലാണ് ഇരുവരും ജോലി ചെയ്യുന്നത്.