ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആരാവുമെന്നുള്ള ക്രിക്കറ്റ് ആരാധകരുടെ സംശയങ്ങൾക്ക് ഇതുവരെ വിരാമമായിട്ടില്ല. അപേക്ഷ സ്വീകരിക്കേണ്ട തീയതി അവസാനിച്ചപ്പോഴേക്കും ആരൊക്കെ അപേക്ഷിച്ചെന്ന കാര്യവും വ്യക്തമല്ല. എന്നാൽ ബിസിസിഐയെ ഉദ്ദരിച്ച് സ്പോർട്സ് ടാക് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് 3000ലേറെ അപേക്ഷകളാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചതെന്നാണ് വിവരം.
ഇതിൽ സച്ചിൻ ടെൻഡുൽക്കറിന്റെയും മഹേന്ദ്ര സിംഗ് ധോണിയുടെയും പേരിൽ വരെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ സെവാഗിന്റെയും ഹർഭജന്റെയും പേരിലും വ്യാജ അപേക്ഷകളെത്തി.2022ലും സമാനമായി 5,000 അപേക്ഷകൾ ബിസിസിഐക്ക് ലഭിച്ചിരുന്നു. നിരവധി സെലിബ്രറ്റികളുടെ പേരിലായിരുന്നു അപേക്ഷകളേറെയും. ഗൂഗിൾ ഫോം വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്. ഇതാണ് ഇത്രയും ആപ്ലിക്കേഷനുകൾ ലഭിക്കാൻ കാരണമെന്നാണ് ബിസിസിഐ പറയുന്നത്.
അതേസമയം ബിസിസിഐ ഇതുവരെയും പരിശീലക സ്ഥാനത്തേക്ക് ആരെയും നിശ്ചയിച്ചിട്ടല്ല. മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെൻ്ററുമായ ഗൗതം ഗംഭീറിന്റെ പേരാണ് ബിസിസിഐ കൂടുതൽ പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാൽ ഗംഭീർ അപേക്ഷിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.