ഡച്ച് വാസ്തുവിദ്യ എക്കാലത്തും പ്രശംസിക്കപ്പെടാറുണ്ട്. അത്തരത്തിൽ അതിശയിപ്പിക്കുന്ന നിർമ്മിതികൾ കാണാൻ കഴിയുന്ന ഒരു സ്ഥലമാണ് നെതർലാൻഡ്സിന്റെ തലസ്ഥാന നഗരമായ ആംസ്റ്റർഡാം. പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് സുവർണ കാലഘട്ടത്തിൽ നിർമ്മിച്ച മൂന്ന് പ്രധാന കനാലുകൾ അടങ്ങുന്ന നഗരം. Herengracht, Prinsengracht, Keizersgracht എന്നിവയാണ് മൂന്ന് കനാലുകൾ. അതിൽ എടുത്ത് പറയേണ്ടത് ഹെറൻഗ്രാച്ച് തന്നെയാണ്.
ആധുനികവും പരമ്പരാഗതവുമായ വാസ്തുവിദ്യയുടെ അതുല്യമായ നിർമ്മിതികൾ ഹെറൻഗ്രാച്ചിൽ കാണാം. ബോട്ടിക്കുകളും കഫേകളും റെസ്റ്റോറൻ്റുകളും ലോകപ്രശസ്ത മ്യൂസിയങ്ങളുമടക്കം നിരവധി കെട്ടിടങ്ങൾ അവിടെ കാണാം. ഒരു കാലത്തെ സംസ്കാരവും വാസ്തുവിദ്യയും തുളുമ്പി നിൽക്കുന്ന കെട്ടിടങ്ങൾ. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് ഹെറെൻഗ്രാച്ച്. അവിടത്തെ ഹെറ്റ് ഗ്രാച്ചെൻഹുയിസ് മ്യൂസിയ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു അത്ഭുതമാണ്.
ഹെറൻഗ്രാച്ചിലെ ഗൗഡൻ ബോച്ച് (ഗോൾഡൻ ബെൻഡ്) ആണ് മറ്റൊരു മനോഹരമായ പ്രദേശം.ഈ പ്രദേശം ലെയ്ഡ്സെസ്ട്രാറ്റിനും വിജൽസ്ട്രാറ്റിനും ഇടയിലാണ്. മനോഹരമായ മുൻഭാഗങ്ങളുള്ള ഗംഭീരമായ മാളികകളാണ് ഗോൾഡൻ ബെൻഡിലെ പ്രധാന ആകർഷണം. ഒരു കാലത്ത് നഗരത്തിലെ സമ്പന്നരായ ഡച്ച് വ്യാപാരികളും രാഷ്‌ട്രീയ ഉന്നതരും കപ്പൽ നിർമ്മാതാക്കളും താമസിച്ചിരുന്ന സ്ഥലമാണ് ഗോൾഡൻ ബെൻഡ്. ആംസ്റ്റർഡാമറുകളിൽ ഏറ്റവും ധനികരായ ആളുകൾ ഗോൾഡൻ ബെൻഡിൽ താമസിച്ചിരുന്നു. ഇപ്പോൾ അതിൽ മിക്ക കെട്ടിടങ്ങളിലും ബാങ്കുകൾ, ഓഫീസുകൾ, ചില സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഒരു ചെറിയ സ്വകാര്യ മ്യൂസിയവും ഉണ്ട്.















